മുളന്തുരുത്തി: മലയാളത്തിലെയും ലോക ഭാഷകളിലെയും എഴുത്തുകാരെ പരിചയപ്പെടുത്തുന്ന ബാനറുകള്‍. വായനയെ കുറിച്ചുള്ള മഹാ•ാരുടെ ചിന്തകള്‍, മലയാളത്തിലെയും ലോക സാഹിത്യത്തിലെയും പ്രധാന അവാര്‍ഡുകള്‍,  അവാര്‍ഡ് ജേതാക്കള്‍, അറിയപ്പെടുന്ന എഴുത്തുകാരുടെ അധികം അറിയപ്പെടാത്ത ജീവിത കഥകള്‍ എന്നിവ കൊണ്ടെല്ലാം സമ്പന്നമായിരുന്നു വായനാ ദിനത്തില്‍ മുളന്തുരുത്തി ഗവ.ഹൈസ്‌കൂള്‍ അങ്കണം.
വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴം കവിത പിറന്ന വിദ്യാലയം വിപുലമായ ഒരുക്കങ്ങളോടെ ആയിരുന്നു വായനാ ദിനം ആഘോഷിച്ചത്. വായനാ ദിനത്തോടനുബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ രചനാ സമാഹാരം ‘റിഫ്‌ലെക്ഷന്‍’ മുളന്തുരുത്തി വായനശാല പ്രസിഡന്റ് സജി മുളന്തുരുത്തി പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി പ്ലസ് ടു വിദ്യാര്‍ത്ഥിനി ലക്ഷ്മി  പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ ക്ലാസുകളിലെ കുട്ടികളുടെ   കവിതാവതരണം, പുസ്തക വിശകലനം , സാഹിത്യ പ്രഭാഷണം എന്നിവ ഉണ്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പുസ്തക പ്രദര്‍ശനവും ശ്രദ്ധേയമായി.
പി.ടി.എ പ്രസിഡന്റ്  കെ.ഐ വര്‍ഗ്ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യന്‍ വായന ദിനാചരണം ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക സുധ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സജി മുളന്തുരുത്തി വായനാദിന സന്ദേശം നല്‍കി. ഹയര്‍ സെക്കന്‍ഡറി പ്രധാന അധ്യാപിക സോഫി ജോണ്‍ ചടങ്ങില്‍ കൃതജ്ഞത പറഞ്ഞു.