പൊതുമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതും സംരക്ഷിക്കുന്നതുമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വ്യവസായ വാണിജ്യ കായിക യുവജനകാര്യ മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു. വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയര്മാന്മാര്ക്കും ഡയറക്ടര്മാര്ക്കുമായി റിയാബിന്റെ നേതൃത്വത്തില്‍ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൂട്ടിക്കിടന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ മിക്കതും തുറക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. അതിന് ഉദാഹരണമാണ് എച്ച്.എന്‍.എല്‍. രാജ്യത്ത് ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളും പൂട്ടുന്ന സമീപനം വിവിധ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സന്ദര്‍ഭത്തിലാണ് കേരളത്തില്‍ സര്‍ക്കാര്‍ നഷ്ടത്തിലായ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയും പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതും. ഇത്തരം മാറ്റങ്ങളുണ്ടാകുമ്പോഴും നിരവധി പ്രശ്നങ്ങളാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിടുന്നത്. അതെല്ലാം പരിഹരിച്ചു വരികയാണ്. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നിരവധിയാണ്. അത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രൊഫഷണലുകളെ നിയമിക്കണം. ഇതിനൊപ്പം ഉദ്യോഗസ്ഥരുടെ സഹകരണംകൂടിയുണ്ടെങ്കില്‍ എല്ലാം പ്രശ്നങ്ങള്‍ക്കും വേഗത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്മാന് ഡോ.വി.കെ.രാമചന്ദ്രന്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ.കെ.ഇളങ്കോവന് എന്നിവര്‍ സംസാരിച്ചു. റിയാബ് ചെയര്മാന് ഡോ.എം.പി.സുകുമാരന്‍നായര്‍ സ്വാഗതം പറഞ്ഞു.
