ജില്ലയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍   പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകൊണ്ടുവരാന്‍ എല്ലാവരും ഒരേ മനസ്സോടെ മുന്നോട്ടുപോകണമെന്ന്  യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പറഞ്ഞു.  ഹെല്‍പ്പ് ഡസ്‌കുകള്‍ പുനരുജ്ജീവിപ്പിക്കണം. വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ അനുവദിക്കപ്പെട്ടതിലധികം ആളുകള്‍ പങ്കെടുക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്.  ഇത് നിയന്ത്രിക്കാന്‍ ആര്‍.ആര്‍.ടി മാരുടേയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹായം തേടണമെന്നും അവര്‍ പറഞ്ഞു. കോണ്‍ടാക്ട് ട്രേസിങ്, ക്വാറന്റീന്‍ എന്നീ കാര്യങ്ങളില്‍ വീഴ്ച വരുത്തരുത്.  വീടുകളില്‍ നിന്നുള്ള നിന്നുള്ള രോഗവ്യാപനം കൂടുതലാവുന്ന അവസ്ഥയുണ്ടെന്നും ഇത് ഗൗരവത്തോടെ കാണണമെന്നും എം.കെ റഫീഖ പറഞ്ഞു.
വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടുമെന്നും ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ലഭ്യമായ വാക്സിനുകള്‍ ഫലപ്രദമായി ഉപയോഗിക്കണം. പ്രതിദിനം ഒരു ശതമാനം പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കുന്നുണ്ടെന്ന് തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കലക്ടര്‍ പറഞ്ഞു.  ക്വാറന്റീന്‍ ലംഘനം കണ്ടെത്തുകയും അതിനെതിരെ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഗര്‍ഭിണികള്‍ വാക്സിന്‍ സ്വീകരിക്കുന്നത്  കുഞ്ഞിന് അംഗവൈകല്യം വരുത്തുമെന്ന രീതിയില്‍  സാമൂഹിക മാധ്യമങ്ങളിലൂടെ  വ്യാജ പ്രചാരണം നടത്തുന്നതായി തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.   അത്തരം പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത്ദാസ് യോഗത്തില്‍ അറിയിച്ചു. ജില്ലാ ഡവലപ്‌മെന്റ് കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്‍, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കലാം മാസ്റ്റര്‍, സെക്രട്ടറി നാസര്‍ മാസ്റ്റര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍,  വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.