ഏറനാട് മണ്ഡലത്തില്‍ ദേശീയ നിലവാരത്തിലുള്ള അരീക്കോട് ഫുട്ബോള്‍ സ്റ്റേഡിയം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. സ്റ്റേഡിയത്തിന്റെ പ്രവൃത്തി പുനരാരംഭിക്കാന്‍ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പി.കെ ബഷീര്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2016ലാണ് പദ്ധതിയുടെ  ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. ഗാലറി, ഫുട്ബോള്‍ ഗ്രൗണ്ട്, അനുബന്ധ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍, ശുചിമുറികള്‍, വിശ്രമകേന്ദ്രങ്ങള്‍, ഡ്രസിങ് റൂമുകള്‍, ഹാളുകള്‍ തുടങ്ങിയവ പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ പുല്‍ത്തകിടിയും ജലസേചന സൗകര്യവും ഒരുക്കും. 2013ലാണ് സേറ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 11 കോടിയാണ് നിര്‍മാണ ചെലവ്.