മലപ്പുറം ജില്ലയില്‍ ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഞായറാഴ്ച (ഓഗസ്റ്റ് എട്ട്) 2,119 പേര്‍ രോഗമുക്തരായതോടെയാണ് ജില്ലയിലെ കണക്ക് നാല് ലക്ഷം പിന്നിട്ടത്. 4,00,325 പേരാണ് ഇതുവരെയായി ജില്ലയില്‍ കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. രോഗവ്യാപന ഭീതിക്കിടയിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഊര്‍ജം പകരുന്നതാണ് പുതിയ കണക്കുകള്‍.

അതേസമയം ഞായറാഴ്ച ജില്ലയില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പേര്‍ക്കുള്‍പ്പടെ 3,051 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 17.90 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,965 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 36 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്ന് ജില്ലയിലെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 43 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

74,517 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30,182 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 783 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 526 പേരും 177 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 474 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 1,665 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.