ഗ്രാമീണ ടൂറിസം പദ്ധതികള്‍ ഓരോ ഗ്രാമപഞ്ചായത്തുകളിലും ഒന്നിലധികം തുടങ്ങാന്‍ ലക്ഷ്യമിടുന്നതായും ഇതിനായി സാംസ്കാരിക പശ്ചാത്തലം ഉള്‍പ്പെടെ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരം, പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് ഓണ്‍ലൈനായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. മാത്യു ടി.തോമസ്, അഡ്വ.കെ.യു. ജനീഷ്കുമാര്‍, അഡ്വ.പ്രമോദ് നാരായണന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ നിന്നുള്ള നിയമസഭാ പ്രതിനിധികള്‍ സഭയില്‍ സബ്മിഷനായും, നേരിട്ടും നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു യോഗം ചേരാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരത്തില്‍ വര്‍ഷത്തില്‍ മൂന്ന് തവണ യോഗം ചേര്‍ന്ന് അവലോകനം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. പത്തനംതിട്ട ജില്ലയിലെ പൊതുമരാമത്ത്, ടൂറിസം പ്രവര്‍ത്തികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ടായി നല്കാന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
ജില്ലയിലെ പൊതുമരാമത്ത് പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെയും വിവിധ ടൂറിസം പദ്ധതികളുടെയും പൂര്‍ത്തീകരണം സമയബന്ധിതമായി പ്രാവര്‍ത്തികമാക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ നടപടിയുണ്ടാകും. ടൂറിസം മേഖലയില്‍ പത്തനംതിട്ട ജില്ലയില്‍ പില്‍ഗ്രിം ടൂറിസത്തിനും, കരകൗശലം, പ്രകൃതി ഭംഗി തുടങ്ങിയ ഘടകങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ച് പൂര്‍ത്തീകരിച്ചു വരുന്നത്. ആറന്മുള, കോന്നി, ഗവി, പെരുന്തേനരുവി തുടങ്ങിയ ടൂറിസം പദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കും. ഈ ഓണത്തിന് ലോകത്തുള്ള എല്ലാ മലയാളികളെയും കോര്‍ത്തിണക്കി ടൂറിസം വകുപ്പ് വിശ്വമാനവികതയുടെ വെര്‍ച്വല്‍ പൂക്കള മല്‍സരം സംഘടിപ്പിക്കുമെന്നും ഇന്ത്യക്ക് അകത്തും പുറത്തുമുള്ള മലയാളികള്‍ ഇതിന്റെ ഭാഗമാകണമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ജനകീയ വിഷയങ്ങളില്‍ ക്രിയാത്മക ഇടപെടല്‍: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാന സര്‍ക്കാര്‍ ജനകീയ വിഷയങ്ങളില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തിവരുന്നതായി ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരം, പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ പൊതുമരാമത്ത് വകുപ്പ് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കോഴഞ്ചേരി പുതിയ പാലം നിര്‍മാണം, പൊതുമരാമത്ത് വര്‍ക്കുകള്‍, കിഫ്ബി പദ്ധതികള്‍, ടൂറിസം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രവൃത്തികളില്‍ സര്‍ക്കാര്‍ മാതൃകാപരമായ ഇടപെടലാണ് നടത്തിവരുന്നത്. കോഴഞ്ചേരി പുതിയ പാലത്തിന്റെ പണി 60 ശതമാനത്തോളം പൂര്‍ത്തിയായി കഴിഞ്ഞു. കോഴഞ്ചേരി പുതിയ പാലം 2022 മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിക്കും. പത്തനംതിട്ട അബാന്‍ ഫ്ളൈഓവര്‍ നിര്‍മാണം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കണം. പത്തനംതിട്ട പുതിയ കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ അവശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം. ആറന്മുളയില് കരകൗശല ഗ്രാമം പദ്ധതി പ്രാവര്‍ത്തികമാക്കി വരുന്നതായും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക
പരിഗണന: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
അടൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയുടെ സമസ്ത മേഖലകളിലും വികസനം എല്ലാവരിലേക്കും എത്തിച്ചതായി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരം, പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. അടൂര്‍ മണ്ഡലത്തിലെ റോഡുകള്‍, ഇരട്ടപ്പാലം, ടൂറിസം തുടങ്ങിയ മേഖലയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നതായും അദ്ദേഹം പറഞ്ഞൂ. ജനങ്ങളുടെ സൗകര്യത്തിനായി റോഡുകളുടെ നവീകരണം നടത്തുമ്പോള്‍ പി.ഡബ്യു.ഡിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും സംയുക്ത യോഗം ചേരുകയും നിര്‍മാണത്തിലെ പ്രത്യേക ശ്രദ്ധനല്‍കേണ്ട പ്രവര്‍ത്തികള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യണം. അടൂര്‍ റിംഗ് റോഡ്, പന്തളം ബൈപ്പാസ്, ഏഴംകുളം – പ്ലാന്റേഷന് റോഡ് തുടങ്ങിയ അടൂര്‍ മണ്ഡലത്തിലെ റോഡുകള്‍ ഉന്നത നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും. അടൂര്‍ നെടുകുന്നുമല ടൂറിസം പദ്ധതി, പുതിയകാവ്ചിറ ടൂറിസം പദ്ധതി തുടങ്ങിയ പദ്ധതികള്‍ ഫലവത്തായി നടപ്പാക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതികള്‍ പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാക്കാന്‍ നടപടി
സ്വീകരിക്കണം: അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ
തിരുവല്ല മണ്ഡലവും സമീപ മണ്ഡലങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ സാങ്കേതിക കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരം, പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. തോട്ടഭാഗം- ചങ്ങനാശേരി റോഡിന്റെ ശേഷിക്കുന്ന പണികള്‍ പൂര്‍ത്തീകരിക്കണം.തിരുവല്ല – അമ്പലപ്പുഴ റോഡിന്റെ ഗതാഗതകുരുക്ക് കുറയ്ക്കാന്‍ നടപടി ഉണ്ടാകണം. കാവുംഭാഗം – ഇടിഞ്ഞില്ലം റോഡില്‍ കുറച്ച് ഭാഗത്ത് ഓട നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. തിരുവല്ല ബൈപ്പാസിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി ഉണ്ടാക്കണം. തിരുവല്ല വാഹന അപകടങ്ങളുടെ മേഖല ആകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ പ്രത്യേക ശ്രദ്ധ നല്‍കണം. കിഫ്ബി പദ്ധതികള്‍ കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു.
കോന്നിയുടെ ഭൂപ്രകൃതി മുതല്‍ക്കൂട്ടാകും:
അഡ്വ.കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ
കോന്നി മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കര്‍മപദ്ധതികള്‍ നടപ്പാക്കിവരുന്നതായി അഡ്വ.കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരം, പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. പൂങ്കാവ് – പത്തനംതിട്ട റോഡ് പദ്ധതിക്കായി ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രാരംഭഘട്ടത്തിലാണ്. കൂടല്‍ – ആനയടി റോഡ് നിര്‍മാണത്തില്‍ സമയബന്ധിതമായ ഇടപെടല്‍ ആവശ്യമാണ്. കോന്നി മെഡിക്കല്‍ കോളജ്, റോഡുകള്‍ ഉന്നതനിലവാരത്തില്‍ നിര്‍മിക്കല്‍, ഭൂപ്രകൃതിയെ ടൂറിസവുമായി ബന്ധപ്പെടുത്തി വിവിധ പദ്ധതികള്‍, തുടങ്ങി നിരവധിയായ പ്രവര്‍ത്തനങ്ങളാണ് കോന്നി മണ്ഡലത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
ചുരുങ്ങിയ കാലയളവില്‍ ഫലപ്രദമായി ഇടപെട്ട
സര്‍ക്കാര്‍: അഡ്വ. പ്രമോദ് നാരായണന് എംഎല്‍എ
ജനകീയ വിഷയങ്ങളില്‍ ജനങ്ങളോടൊപ്പം നിന്ന് ഫലപ്രദമായി ഇടപെട്ട സര്‍ക്കാരാണ് സംസ്ഥാനത്തിന്റേതെന്ന് അഡ്വ. പ്രമോദ് നാരായണന് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരം, പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ റാന്നി മേഖലയിലെ നിര്‍മാണത്തില്‍ കെ.എസ്.ടി.പിയിലെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഉദാസീനമായ നയം സ്വീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വടശേരിക്കര പുതിയ പാലം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണം. വടശേരിക്കര ഗസ്റ്റ് ഹൗസ്, വടശേരിക്കര ഫുഡ് ക്രാഫ്റ്റ് കെട്ടിടം എന്നിവരുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. റാന്നിയുടെ വികസനത്തിന് പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു.
പദ്ധതികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കും:
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍
പദ്ധതികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരം, പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ജില്ലയിലെ ടൂറിസം മേഖലയുടെ വികസനത്തിന് ലഭ്യമായ ഉറവിടങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.