കാസര്‍കോടിന്റെ ഓണസദ്യയില്‍ ഇടം പിടിക്കാന്‍ കുടുംബശ്രീയുടെ രുചി മധുരവും. സംസ്ഥാന സര്‍ക്കാരിന്റെ ഓണം സ്പെഷ്യല്‍ കിറ്റുകളിലേക്കുള്ള ശര്‍ക്കരവരട്ടി, കശുവണ്ടിവണ്ടി, കൂടാതെ കിറ്റിനായുള്ള തുണി സഞ്ചിയും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ് കാസര്‍കോട്ടെ കുടുംബശ്രീ സംരംഭകര്‍.
കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷന്‍ കണ്ടെത്തിയ ജില്ലയിലെ 15 യൂണിറ്റുകളില്‍ നിന്നായി 1,10000 പാക്കറ്റുകളില്‍ ശര്‍ക്കര വരട്ടി, 44 യൂണിറ്റുകളില്‍ നിന്നായി നെയ്തെടുത്ത 1,50000 തുണി സഞ്ചികള്‍, സഫലം യൂണിറ്റുകളില്‍ നിന്നും എത്തുന്ന 80000 കശുവണ്ടി പാക്കറ്റുകള്‍ എന്നിവയാണ് കുടുംബശ്രീ ഒരുക്കുന്നത്.

കോവിഡ് കാലത്തും സംരംഭകര്‍ക്ക് ഒരു കോടി രൂപയോളം വിറ്റുവരവുണ്ടാക്കി കൈത്താങ്ങാകാന്‍ ഇതിലൂടെ സാധിക്കും. എല്ലാം സപ്ലൈകോ വഴി വിതരണത്തിന് തയ്യാറായി. തൂശനിലയിലെ ഒന്നാമനായി ശര്‍ക്കരവരട്ടിയും, ഓണ പായസക്കൂട്ടില്‍ കശുവണ്ടിയുമായി സ്ര്തീ കവചത്തിന്റെ മാധുരിയില്‍ ആദ്യാവസാനം വരെ ഇടം നേടിയിരിക്കുകയാണ് കാസര്‍കോട്ടെ കുടുംബശ്രീ സംരംഭകര്‍. പടന്നക്കാട് കാര്‍ഷിക കോളേജിലെ പ്രൊഫസറായ കൃഷ്ണ ശ്രീയുടെ പഠന പരിശീലന കളരിയില്‍ നിന്നും പ്രത്യേകമായി വൈദഗ്ധ്യം നേടിയ സംരംഭകരാണ് ശര്‍ക്കരവരട്ടി തയാറാക്കുന്നത്. സംരംഭകര്‍ തങ്ങളുടെ ദൗത്യം നിറവേറ്റുന്നതില്‍ ഏറെ മുന്നിലാണെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ അറിയിച്ചു.