കേരള ഡവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ ജില്ലാതല വിഭാഗമായ ഇന്നവേഷന്‍ കൗണ്‍സിലിന്റെ ആദ്യ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. കെ ഡിസ്ക് ജില്ലാ കോഡിനേറ്റര്‍ വി.പി മുഹമ്മദ് നബീല്‍ പദ്ധതി അവതരണം നടത്തി.
സ്കൂള്‍ കോളജ് തലത്തില്‍ നടപ്പാക്കുന്ന നൂതന ആശയ പരിപാടിയായ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പ്രാദേശിക സര്‍ക്കാരുകളില്‍ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സുസ്ഥിരമായ സംവിധാനം വികസിപ്പിക്കുക, പ്രാദേശിക സാമ്പത്തിക വികസനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സജീവ പങ്കാളികളാക്കുക, പ്രോജക്ട്- പ്രൊഡക്ട് ആന്‍ഡ് പ്രോസസ് തലങ്ങളില്‍ ഇന്നവേഷന്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ‘ഒരു ജില്ല, ഒരു ആശയം’, ചെറുകിട – ഇടത്തരം ഇന്നവേഷന്‍ ക്ലസ്റ്ററുകള്‍, ‘ഒരു തദ്ദേശ സ്വയം ഭരണസ്ഥാപനത്തില്‍ ഒരാശയം’ എന്നീ പദ്ധതികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. യങ് ഇന്നവേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ നിന്ന് 12 ടീമുകളെ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുത്തു. ഇവര്‍ക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്. പ്രോഗ്രാമിന്റെ അടുത്ത ഘട്ടത്തിന്റെ രജിസ്ട്രേഷന് പരിപാടികള്‍ അടുത്ത മാസം തുടങ്ങും.
യോഗത്തില്‍ ഫിനാന്‍സ് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, ഇന്നവേഷന്‍ കൗണ്‍സില്‍ അംഗങ്ങളായ ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, ഡപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ എ.ഡി ജോസഫ്, ജില്ലാ പ്ലാനിങ് ഓഫീസ് റിസര്‍ച്ച് അസിസ്റ്റന്റ് കെ. റംസിയ, കാലിക്കറ്റ് യൂനിവേഴ്സിറ്റി റജിസ്ട്രാര്‍ ഇ.കെ സതീഷ്, മലപ്പുറം ഗവ.കോളജ് പ്രൊഫസര്‍ ഗീത നമ്പ്യാര്‍, റിട്ട. ഡപ്യൂട്ടി കലക്ടര്‍ ജോയ് ജോണ്‍, പി.ഡബ്ല്യു.ഡി റിട്ട. എക്സി. എഞ്ചിനീയര്‍ പി. പദ്മനാഭന്, ഇ.എം.എസ് കോ-ഓപ്പറേറ്റിവ് ആശുപത്രി ചെയര്മാന് ഡോ. എ. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.