കുറ്റിപ്പുറം പി.എച്ച് സെന്റര്‍ മുക്കിലപ്പീടിക റോഡ് റബറൈസ് ചെയ്ത് നവീകരിക്കുന്നതിന് സാങ്കേതികാനുമതി ലഭ്യമായതായി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. പൊതു മരാമത്ത് വകുപ്പ് റോഡ് നവീകരണത്തിനായി 5.7 കോടി രൂപയാണ് ഫണ്ടനുവദിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിലെ പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡായ പി.എച്ച് സെന്റര്‍ മുക്കിലപ്പീടിക റോഡ് റബറൈസ് ചെയ്ത് നവീകരിക്കണമെന്ന ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്ത് നിന്ന് ദേശീയ പാതയില്‍ നിന്നും ആരംഭിച്ച് മുക്കിലപ്പീടികയിലെത്തുന്ന റോഡ് നാലര കിലോമീറ്റര്‍ ദൂരമാണ് ആദ്യ ഘട്ടത്തില്‍ നവീകരിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
