അന്താരാഷ്ട്ര യുവജനദിനത്തില്‍ ജില്ലയിലെ സന്നദ്ധസേവകര്‍ക്ക് കലക്ടറുടെ പ്രശംസ. നെഹ്റു യുവജന കേന്ദ്ര സംഘടിപ്പിച്ച യുവജനദിനാഘോഷ ചടങ്ങിന്റെ ഉദ്ഘാടനത്തിനിടെയാണ് കലക്ടറുടെ പരാമര്‍ശം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികളും സന്നദ്ധസേവകരും പങ്കെടുത്തു. പ്രതിസന്ധിഘട്ടത്തില്‍ സന്നദ്ധസേവകര്‍ രക്ഷാദൗത്യങ്ങള്‍ ഏറ്റെടുക്കുന്ന കാഴ്ച അത്യന്തം ആവേശകരവും പ്രതീക്ഷ നല്‍കുന്നതുമാണെന്ന് കലക്ടര്‍ പറഞ്ഞു. 2018 പ്രളയ കാലത്ത് സന്നദ്ധ സംഘങ്ങള്‍ക്ക് ഒപ്പമുള്ള പ്രവര്‍ത്തനങ്ങളുടെ ഓര്‍മകളും കലക്ടര്‍ പങ്കുവെച്ചു. ജനസംഖ്യാ നിരക്ക് കുറയുന്ന കേരളത്തിന്റെ പശ്ചാത്തലത്തില്‍ യുവജനങ്ങളുടെ കാര്യപ്രാപ്തിയും പ്രവര്‍ത്തനമികവും നിര്‍ണായകമാണെന്ന് ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു.ഓരോ ബ്ലോക്കിലും രണ്ട് വീതം നാഷണല്‍ യൂത്ത് വളണ്ടിയര്‍മാര്‍ വഴി ഗ്രാമീണ മേഖലയിലെ യൂത്ത് ക്ലബ് ശൃംഖലകളിലൂടെയാണ് നെഹ്റു യുവകേന്ദ്ര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നെഹ്‌റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എം അനില്‍കുമാര്‍, അക്കൗണ്ട് കം പ്രോഗ്രാം ഡയറക്ടര്‍ ഒ നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.