നൂല്‍പ്പൂഴ: ആശുപത്രിയിലെത്തുന്ന ആദിവാസി കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യമിട്ട് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിഭാവനം ചെയ്ത ചില്‍ഡ്രന്‍സ് പാര്‍ക്ക് സജ്ജമായി. ആശുപത്രി വളപ്പില്‍ 4.13 ലക്ഷം രൂപ ചിവലഴിച്ചാണ് ആരോഗ്യവകുപ്പ് വിനോദോപാധികള്‍ സ്ഥാപിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബില്‍ഡ് ഇന്ത്യ എന്ന സ്ഥാപനമാണ് പാര്‍ക്കൊരുക്കിയിരിക്കുന്നത്. വനത്താല്‍ ചുറ്റപ്പെട്ടും ആദിവാസി വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ പ്രദേശമാണ് നൂല്‍പ്പുഴ. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഇവിടത്തെ കുട്ടികള്‍ക്ക് പണംമുടക്കി അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ പോവാന്‍ കഴിയാറില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികളുടെ ആശ്രയമായ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹൈടെക് പാര്‍ക്കൊരുക്കുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിച്ചത്. ഒരേസമയം ഏഴു കുട്ടികളെ ഉള്‍ക്കൊള്ളുന്ന മള്‍ട്ടി ആക്റ്റിവിറ്റി പ്ലേ സിസ്റ്റമാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം. രണ്ടേകാല്‍ ലക്ഷം രൂപയാണ് ഇതിനു ചിലവ്. ഒന്നര മീറ്റര്‍ നീളമുള്ള വേവ് സ്ലൈഡ്, മെറി ഗോ റൗണ്ട് ആനിമല്‍, സീസോ, സ്പ്രിംഗ് റൈഡല്‍ ഡക്ക്, വിക്ടോറിയ ബെഞ്ച്, ബ്രിഞ്ചാല്‍ ബിന്‍, ട്രങ്ക് ബിന്‍, ഒരേ സമയം മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന ഡീലക്സ് ഊഞ്ഞാല്‍ എന്നിവയും കുട്ടികള്‍ക്കായി പാര്‍ക്കിലൊരിക്കിയിട്ടുണ്ട്.