പനമരം: കഴിഞ്ഞ ദിവസം മുതല്‍ പനമരത്ത് നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരം ലക്ഷ്യം കണ്ടുതുടങ്ങി. ബസ് സ്റ്റാന്‍ഡിനുള്ളില്‍ അശാസ്ത്രീയമായി രീതിയില്‍ പാര്‍ക്ക് ചെയ്തിരുന്ന മുഴുവന്‍ ഓട്ടോകള്‍ക്കും വിലക്കേര്‍പ്പെടുത്തിയതോടെ ബസുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം കൂടി. നേരത്തേ സ്റ്റാന്റിന് മുന്‍പില്‍ നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്ന കല്‍പ്പറ്റ ഭാഗത്തേക്കു പോകുന്ന ബസുകള്‍ക്ക് അല്പം മുന്നോട്ട് മാറി സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്‍പില്‍ സ്റ്റോപ്പ് അനുവദിച്ചതും ഏറെ ഗുണം ചെയ്തു. ഇതോടെ സ്റ്റാന്റില്‍ വന്നു തിരിക്കുന്ന ബസുകള്‍ക്ക് ഗതാഗതക്കുരുക്കില്‍ നിന്നും മോചനമായി. ഓട്ടോസ്റ്റാന്റുകള്‍ നിയമാനുസൃത രീതിയില്‍ റോഡിന്റെ ഇടതുവശത്താക്കാനും ഗതാഗത പരിഷ്‌കരണ യോഗത്തില്‍ തീരുമാനമായിരുന്നു. നേരത്തേ ആശുപത്രി റോഡില്‍ യാതൊരു മാനദണ്ഡവുമില്ലാതെ തോന്നിയപോലെ നിറുത്തിയിട്ടിരുന്ന ഓട്ടോകള്‍ രോഗികള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ഏറെ ദുരിതം വിതച്ചിരുന്നു. മുഴുവന്‍ ഓട്ടോകളും സൗകര്യപ്രദമായ രീതിയിലേക്ക് മാറ്റി പാര്‍ക്കിംഗ് അനുവദിച്ചതോടെ ടൗണിന്റെ പ്രധാന ഭാഗത്ത് തിരക്കൊഴിഞ്ഞ് കാല്‍നടയാത്രക്കാര്‍ക്കും വഴി നടക്കാന്‍ ഇടം ലഭിച്ചു.
നേരത്തെ ഇവിടെ തിരക്കില്‍പ്പെട്ട് അപകടം സംഭവിക്കുന്നത് തുടര്‍ക്കഥയായിരുന്നു. പുറപ്പെടുന്നതിന് 15 മിനിട്ട് മുമ്പ് മാത്രമെ ഇനിമുതല്‍ സ്റ്റാന്റില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.