* അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
ലഹരിവിരുദ്ധ സന്ദേശമുൾക്കൊണ്ട് മുന്നോട്ടുപോകാൻ വിദ്യാർഥികൾക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു കാരണവശാലും ലഹരിക്കടിമപ്പെടില്ലെന്നും ലഹരിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും ദൃഢപ്രതിജ്ഞ ചെയ്തു നീങ്ങണം. ‘വിമുക്തി’ കാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണത്തിൽ വിദ്യാർഥികൾ ഭാഗമാകണം. അങ്ങനെ വന്നാൽ നമുക്ക് നമ്മളെയും നാടിനെയും രക്ഷിക്കാനാകും.
ന്ാട് പുരോഗമിക്കുമ്പോൾ നാടിന്റെ ത്രസിക്കുന്ന യുവതയെ നിർവീര്യമാക്കാനാണ് ലഹരി, മയക്കുമരുന്ന് മാഫിയകൾ ശ്രമിക്കുന്നത്. വിദ്യാലയങ്ങളെയും വിദ്യാർഥികളെയുമാണ് അവർ ലക്ഷ്യമിടുന്നത്. ഇതിനെതിരെ വിദ്യാർഥികളിൽ ശക്തമായ പ്രതിരോധം ഉയർന്നുവരുന്നുണ്ട് എന്നത് നല്ല കാര്യമാണ്. എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി തുടങ്ങിയവയുടെ സഹായത്തോടെ ലഹരിക്കെതിരെ സ്‌കൂളുകളിൽ നല്ല കൂട്ടായ്മ ഉയരുന്നുണ്ട്.
‘ലിസൺ ഫസ്റ്റ്’ അഥവാ ആദ്യം കേൾക്കുക എന്നതാണ് ഇന്നത്തെ ദിനാചരണത്തിന്റെ സന്ദേശം. നമ്മുടെ കുട്ടികളും യുവജനങ്ങളും പറയുന്നത് ശ്രദ്ധയോടെ കേൾക്കാനും ശ്രദ്ധിക്കാനും നമ്മൾ തയാറായാൽ പലകാര്യത്തിലും അവരെ ശരിയായ വഴി സ്വീകരിക്കാൻ അവരെ സഹായിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിവിരുദ്ധ ബോധവത്കരണത്തിനുള്ള സംസ്ഥാനതല അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.
മയക്കുമരുന്നും, ലഹരിയും ഉൾപ്പെടെയുള്ള പ്രലോഭനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി മനസിനുണ്ടാകണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
ലഹരിക്കെതിരെയുള്ള ഓപ്പൺ ക്യാൻവാസിന്റെ ഉദ്ഘാടനം ചിത്രം വരച്ച് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കെ. മുരളീധരൻ എം.എൽ.എ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, അഡീ. എക്‌സൈസ് കമ്മീഷണർ (എൻഫോഴ്‌സ്‌മെൻറ്) എ. വിജയൻ, കൗൺസിലർ പാളയം രാജൻ, എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ എന്നിവർ സംബന്ധിച്ചു.
അഡീ. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതവും ജോയിൻറ് എക്‌സൈസ് കമ്മീഷണർ (ബോധവത്കരണ വിഭാഗം) വി. അജിത്‌ലാൽ നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരുടെ റാലിയും സംഘടിപ്പിച്ചു.
മികച്ച ലഹരി വിരുദ്ധ സംഘടനയ്ക്കുള്ള പുരസ്‌കാരം പുനലാൽ ഡെയിൽവ്യൂവും, ലഹരിവിരുദ്ധ പ്രവർത്തനുള്ള പുരസ്‌കാരം ഡോ. കെ. വേണുഗോപാലും ഏറ്റുവാങ്ങി. വയലാ ഗവ: എച്ച്.എസ്.എസ് ക്ലബ് (മികച്ച സ്‌കൂൾ ക്ലബ്), അതുൽ ഒ.ടി (കൂത്തുപറമ്പ് എച്ച്.എസ്.എസ് -മികച്ച സ്‌കൂൾ ക്ലബ് അംഗം), വിമലാ കോളേജ് ക്ലബ് (മികച്ച കോളേജ് ക്ലബ്), സിദ്ധാർഥ് എ.എസ് കുമാർ (എം.ഇ.എസ് കോളേജ് -മികച്ച കോളേജ് ക്ലബ് അംഗം) എന്നിവരും അവാർഡുകൾ മുഖ്യമന്ത്രിയിൽ നിന്ന് സ്വീകരിച്ചു.