കല്‍പ്പറ്റ:പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തില്‍ സമ്പൂര്‍ണ നെല്‍കൃഷി പദ്ധതിക്ക് തുടക്കമായി. കര്‍ഷകര്‍ക്ക് നെല്‍വിത്ത് നല്‍കി പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ് ഉദ്ഘാടനം ചെയ്തു. 2018-19 സാമ്പത്തിക വര്‍ഷത്തോടെ പഞ്ചായത്തില്‍ ആകെയുള്ള 500 ഹെക്റ്റര്‍ വയലിലും നെല്‍കൃഷി സമ്പൂര്‍ണമാക്കാനാണ് ഉദ്ദേശിക്കുന്നത്. 2016-17, 2017-18 സാമ്പത്തിക വര്‍ഷങ്ങളില്‍ നെല്‍കര്‍ഷകര്‍ക്ക് നല്‍കിയ പ്രോല്‍സാഹനം പഞ്ചായത്ത് ഇത്തവണയും തുടരുകയാണ്. 2015ല്‍ 200 ഹെക്റ്റര്‍ മാത്രമായിരുന്ന നെല്‍കൃഷി 2017-18ല്‍ 400 ഹെക്റ്ററിലധികമാക്കാന്‍ കഴിഞ്ഞു. 2018-19 വാര്‍ഷിക പദ്ധതിയില്‍ നെല്‍വിത്തിന് രണ്ടുലക്ഷം രൂപയും നെല്‍കൃഷി കൂലിച്ചെലവ് സബ്‌സിഡിയായി 14 ലക്ഷവും അനുവദിച്ചു. ജില്ലാ, ബ്ലോക്ക് വിഹിതമുള്‍പ്പെടെ 40 ലക്ഷം രൂപയുടെ ആനുകൂല്യം ഈ വര്‍ഷം കര്‍ഷകര്‍ക്കു നല്‍കും. നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനായി പാടശേഖര സമിതി യോഗങ്ങളും കര്‍ഷക ഗ്രാമസഭകളും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. നെല്‍വിത്ത് വിതരണോദ്ഘാടനച്ചടങ്ങില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തിനി ഷാജി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ വര്‍ഗീസ്, മെംബര്‍മാരായ സിന്ധു പുറത്തൂട്ട്, ഹാരിസ് കണ്ടിയന്‍, അമ്മദ് കട്ടയാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ സായൂജ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ശിവദാസന്‍ നന്ദിയും പറഞ്ഞു.
