മണല്ലൂര്‍ നിയോജമണ്ഡലംതല ‘ആരോഗ്യ ജാഗ്രത- 2018’ അവലോകന യോഗം എം.എല്‍.എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനോടൊപ്പം രോഗമില്ലാത്ത അവസ്ഥ സൃഷ്ടിക്കുക കൂടിയാണ് ആരോഗ്യജാഗ്രത പരിപാടിയുടെ ലക്ഷ്യമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ജനപ്രതിനിധികള്‍ വിശദീകരിച്ചു. ഒരുവര്‍ഷത്തെ ജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഫലമായി മണല്ലൂര്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പകര്‍ച്ചവ്യാധികള്‍ മുന്‍വര്‍ഷത്തേക്കാള്‍ കുറവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലേറിയ, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ്, ചിക്കന്‍ഗുനിയ ബാധിതരുടെ എണ്ണത്തില്‍ ഈ വര്‍ഷത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചു. ബ്ലോക്ക് തലത്തിലും പഞ്ചായത്തതലത്തിലും വാര്ഡ്തലത്തി ലുമായി നടത്തിയ ബോധവത്ക്കരണക്ലാസ്സുകളും നോട്ടീസ് വിതരണവും മരുന്നുവിതരണവുമാണ് ഇതിന് സഹായിച്ചത്. സ്കൂള്‍തലത്തില്‍ നടത്തിയ ക്യാമ്പയിനുകള്‍ വിജയം കണ്ടു. കൊതുകുജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും നടന്നു വരുകയാണ്. ശാസ്ത്രീയ മാലിന്യ സംസ്കരണം, ജലമലിനീകരണം ത ടയല്‍, മലിന്യവിമുക്ത കുടിവെള്ളം ലഭ്യമാക്കല്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കല്‍, പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചവ്യാധികള്‍ പൂര്‍ണമായും തടയാന്‍ സാധിക്കുമെന്ന് എംഎല്‍എ പറഞ്ഞു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ത്രിതല ഭരണസമിതി അംഗങ്ങള്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, ശുചിത്വമിഷന് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, എഇഒ, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ , സബ്ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.