കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊട്ടാരക്കര, പുനലൂര്‍ നഗരസഭകളില്‍ ഇന്ന് (ഓഗസ്റ്റ് 29) മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തും. കൊട്ടാരക്കരയിലെ തൃക്കണ്ണമംഗല്‍ എസ്.കെ.വി.എച്ച്.എസ്സില്‍ രാവിലെ മുതലാണ് മുതലാണ് ക്യാമ്പ്. ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്കായാണ് ക്യാമ്പ് നടത്തുന്നതെന്ന് ചെയര്‍മാന്‍ എ. ഷാജു പറഞ്ഞു. കൊവിഷീല്‍ഡ് വാക്‌സിന്‍ ആണ് നല്‍കുന്നത്. പുനലൂരില്‍ താലൂക്ക് ആശുപത്രി, നെഹ്‌റു മെമ്മോറിയല്‍ ബില്‍ഡിംഗ് എന്നിവിടങ്ങളിലാണ് ക്യാമ്പ് നടത്തുക. ഒരു വാര്‍ഡില്‍ 100 പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു. നഗരസഭയിലെ ആറു വാര്‍ഡുകള്‍ നിലവില്‍ കണ്ടയിന്‍മെന്റ് സോണ്‍ പരിധിയില്‍ ആണ്.
തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ നടത്തിയ മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് വഴി 1077 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് എല്‍. ജലജകുമാരി പറഞ്ഞു. ചിറക്കരയില്‍ ഇതുവരെ 12077 പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു. ഇതില്‍ 3388 പേര്‍ക്ക് രണ്ട് ഡോസും ലഭിച്ചു. ഡി.സി.സിയില്‍ 31 രോഗികള്‍ ചികിത്സയിലുണ്ട്. പൂതക്കുളത്ത് 13619 പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. 6444 പേര്‍ക്ക് രണ്ട് ഡോസും ലഭ്യമാക്കിയതായി സെക്രട്ടറി അറിയിച്ചു.