എട്ട് വാർഡുകളിൽ ആരോഗ്യ സർവ്വേ
എറണാകുളം: കടുങ്ങല്ലൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്. ഇതിനായി വകുപ്പു മന്ത്രിയുമായുള്ള യോഗം അടുത്ത ദിവസം ജില്ലയിൽ ചേരും. വാട്ടർ അതോറിറ്റി, ഇറിഗേഷൻ വകുപ്പുകളുമായി ചേർന്നായിരിക്കും ശാശ്വത പരിഹാരം സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചു. കളമശ്ശേരി നിയോജക മണ്ഡലത്തിലെ പ്രാദേശിക വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനും ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കടുങ്ങല്ലൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച പഞ്ചായത്തു തല പബ്ലിക് സ്ക്വയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിലെ ഓഞ്ഞിന്നോട് നവീകരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി അറിയിച്ചു. പെരിയാർ ടു പെരിയാർ വടുവാതോട് നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കും. പഞ്ചായത്തിലെ മുഴുവൻ നീരുറവകളും സംരക്ഷിക്കുന്ന പ്രത്യേക പദ്ധതി തയാറാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകും. വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഓരോ പഞ്ചായത്തിനും തനതായ പ്രവർത്തനങ്ങൾ നടത്താൻ കഴിയണമെന്നും മന്ത്രി നിർദ്ദേശിച്ചു.
വ്യവസായ മേഖലയിലെ മലിനീകരണ പ്രശ്നങ്ങൾക്ക് പരിഹാരം കാണമെന്ന് യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യം ഉന്നയിച്ചു. പഞ്ചായത്തിലെ എട്ട് വാർഡുകളാണ് മലിനീകരണ പ്രശ്നങ്ങൾ നേരിടുന്നത്. അന്തരീക്ഷമലിനീകരണം മൂലം ശ്വാസകോശ രോഗങ്ങളും ത്വക്ക് രോഗങ്ങളും വർധിക്കുകയാണെന്ന് പ്രദേശ വാസികൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഇതിന് പരിഹാരം കാണുന്നതിനായി പ്രശ്നബാധിതമായ എട്ട് വാർഡുകളിൽ ആരോഗ്യ സർവ്വേ നടത്താൻ മന്ത്രി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.
പഞ്ചായത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വിഭാഗം യോഗത്തിൻ അറിയിച്ചു. യു സി കോളജ് മുതൽ എടയാർ വരെയുള്ള റോഡുകളുടെ റീ ടാറിംഗും ആരംഭിക്കും.
വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് , കൃഷി വകുപ്പ് , ഇറിഗേഷൻ, കെ.എസ്.ഇ.ബി. ,ആരോഗ്യം തുടങ്ങിയ വകുപ്പ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് മുട്ടത്തിൽ, വൈസ് പ്രസിഡൻ്റ് ആർ.രാജലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി, ജനപ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.