സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മ്ലാമല ശുദ്ധജല വിതരണ പദ്ധതി കാഞ്ഞിരപ്പളളി നിയോജക മണ്ഡലം എം എല്‍ എ ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. ജലനിധി പോലുള്ള കൂടുതല്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.  നെടുംകുന്നം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണിത്. വാര്‍ഡില്‍ ഉള്‍പ്പെട്ട 84 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗുണഭോക്തൃ വിഹിതമായ 3.32 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് വിഹിതമായ 6.61 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ച് മൊത്തം 35 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്തിന്റെ നിലവില്‍ ഉണ്ടായിരുന്ന പുതുക്കാട്ട് കുളത്തിന് സമീപമാണ് പദ്ധതി കിണര്‍ സ്ഥാപിച്ചിരിക്കുന്നത് .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് ദേവസ്യ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജലനിധി റീജിയണല്‍ ഡയറക്ടര്‍ കെ.ജെ ടോമി പദ്ധതി വിശദീകരണം നടത്തി. അജിത് മുതിരമല മുഖ്യപ്രഭാഷണം നടത്തി .ജനപ്രതിനിധികള്‍, മ്ലാമല സമിതി അംഗങ്ങള്‍,വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ സംസാരിച്ചു.