വൈദ്യുതി ലഭ്യത ഉറപ്പ് വരുത്തുന്നതിന് അടുത്ത 50 വര്‍ഷത്തേക്കുള്ള വികസന പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി പ്രസരണ മേഖലയില്‍ നടത്തിവരുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇടുക്കി ജില്ലയിലെ കുമിളി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുടനീളം 400 കെ വി, 220 കെ വി ശൃംഖലയുടേയും നിരവധി സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണവും ദ്രുത ഗതിയില്‍ പുരോഗമിക്കുന്നതായി മന്ത്രി കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇനിയും വൈദ്യുതി എത്താത്ത വനാന്തര പ്രദേശങ്ങളിലെ ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പിലാക്കി വരുന്നതായും അദ്ദേഹം അറിയിച്ചു. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന കുമിളി സെക്ഷന്‍ ഓഫീസ്, കൂടുതല്‍ സൗകര്യങ്ങളുള്ള, നിര്‍മ്മാണം പൂര്‍ത്തിയായ കെ എസ് ഇ ബിയുടെ സ്വന്തം കെട്ടിടത്തിലേക്കാണ് മാറ്റിയത്.

പീരുമേട് എം എല്‍ എ വാഴൂര്‍ സോമന്‍ അദ്ധ്യക്ഷനായിരുന്നു. കെ എസ് ഇ ബി എല്‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക് സ്വാഗതം പറഞ്ഞ ചടങ്ങില്‍, പി. കുമാരന്‍, ഡയറക്റ്റര്‍ (ഡിസ്ട്രിബ്യൂഷന്‍) റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഫിലിപ്പ്, അഴുത ബ്ലോക്ക് പ്രസിഡന്റ് പി എം നൌഷാദ്, കുമിളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തിഷാജിമോന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ രാരിച്ചന്‍ നീറാണകുന്നേല്‍, ജനപ്രതിനിധികള്‍, കെ എസ് ഇ ബി എല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പീരുമേട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പാര്‍വ്വതി എം കൃതജ്ഞത രേഖപ്പെടുത്തി.