തിരുനെല്ലി: മഴക്കാല രോഗങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്ന സന്ദേശവുമായി ബേഗൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന തിരുനെല്ലി പഞ്ചായത്തില്‍ പിഎച്ച്സി പരിധിയിലുള്ള വിവിധ പ്രദേശങ്ങളില്‍ ഊര്‍ജ്ജിത ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. തൃശ്ശിലേരി വായനശാലയില്‍ പൊതുജനങ്ങള്‍ക്കായി ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തി. മലേറിയ പ്രതിരോധ മാസാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. ജൂനിയര്‍ എച്ച്ഐ ആനന്ദ് ക്ലാസെടുത്തു. പനവല്ലി ആലത്തൂര്‍ കോളനിയിലും മഴക്കാലരോഗ ബോധവല്‍ക്കരണം നടത്തി. ജെഎച്ച്ഐ ഷീജ കാതറിന് ക്ലാസെടുത്തു. തിരുനെല്ലി പഞ്ചായത്ത് എട്ടാംവാര്‍ഡിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികളെ എലിപ്പനിയെക്കുറിച്ച് ബോധവല്‍ക്കരിച്ചു. 12ാം വാര്‍ഡിലെ തൊഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ ബേഗൂര്‍ പിഎച്ച്സി ജെഎച്ച്ഐ അനീഷ് ക്ലാസെടുത്തു. ഡെങ്കിപ്പനി നിയന്ത്രണ വാരാചരണത്തിന്റെ ഭാഗമായി തൃശ്ശിലേരി ജി.എച്ച്.എസ്.എസ് നാഷനല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ സഹകരണത്തോടെ തൃശ്ശിലേരി അമ്പലവും പരിസരവും ശുചീകരിച്ചു. കുട്ടികള്‍ക്ക് ഡെങ്കിപ്പനി നിയന്ത്രണ ബോധവല്‍ക്കരണം നല്കി. കാട്ടിക്കുളം ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്കായി മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഇതിനു പുറമെ സ്കൂളുകളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പിഎച്ച്സി രംഗത്തുണ്ട്. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൃശ്ശിലേരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിച്ചു.
