മെഡിക്കല്‍ കോളേജിന് ഇനി ടൈല്‍ വിരിച്ച പുത്തന്‍ പാതകള്‍. തൃശൂരിലെയും സമീപ ജില്ലകളിലെയും സാധാരണക്കാരായ രോഗികള്‍ ഉള്‍പ്പെടെ ആശ്രയിക്കുന്ന തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ റോഡുകളാണ് പുതുക്കി പണിതത്. മെഡിക്കല്‍ കോളേജിലെകാഷ്വാലിറ്റിയെയും സി.ടി. സ്‌കാന്‍ – എം.ആര്‍.ഐ സ്‌കാന്‍ റൂമുകളെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണ് പുനര്‍നിര്‍മിച്ചത്. റോഡിന്റെ പുനരുദ്ധാരണ ഉദ്ഘാടനം എം എല്‍ എ സേവിയര്‍ ചിറ്റിലപിള്ളി നിര്‍വഹിച്ചു.

ശോചനീയാവസ്ഥയിലായിരുന്ന റോഡ് 2020-21 വര്‍ഷത്തെ മൈനര്‍ വര്‍ക്‌സ് പ്ലാന്‍ പദ്ധതി പ്രകാരം 25 ലക്ഷം രൂപ വകയിരുത്തിയാണ് ഇന്റര്‍ലോക്ക് ടൈല്‍ വിരിച്ച് പുനരുദ്ധാരണം നടത്തിയത്. 2021 ജൂലൈ മാസം 2 ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ അവലോകനം നടത്തുകയും മെഡിക്കല്‍ കോളേജില്‍ ശോചനീയാവസ്ഥയിലുള്ള ഈ റോഡ് അതിവേഗം പുനരുദ്ധാരണം നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും കൂട്ടായ ശ്രമത്തിന്റെ ഭാഗമായി നാലു മാസം പൂര്‍ത്തീകരണ കാലാവധിയുള്ള പദ്ധതി 2 മാസത്തിനുളളിലാണ് പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ബിജു കൃഷ്ണന്‍, ഡെപ്യൂട്ടി സൂപ്രണ്ട് നിഷ എം. ദാസ്, പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. ആര്‍. ഷാജന്‍, തിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. എന്‍. കൃഷ്ണകുമാര്‍, പൊതുമരാമത്ത് വകുപ്പ് മെഡി.കോളേജ് സെക്ഷന്‍ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.