– ജില്ലയിൽ നാല് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ
ആലപ്പുഴ: അശരണർക്കും ആലംബഹീനർക്കും കരുതൽ സ്പർശമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘വാതിൽപ്പടി സേവനം’ പദ്ധതിക്ക് സെപ്റ്റംബർ 16ന് ജില്ലയിൽ തുടക്കമാകും. ആദ്യ ഘട്ടത്തിൽ മാവേലിക്കര നഗരസഭയിലും തിരുവൻവണ്ടൂർ, മാരാരിക്കുളം വടക്ക്, കരുവാറ്റ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുക.
പദ്ധതിക്കാവശ്യമായ മുന്നൊരുക്കം പൂർത്തിയായതായി ജില്ലാ വികസന കമ്മീഷണർ കെ. എസ്. അഞ്ജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത്, നഗരസഭ പ്രതിനിധികൾ അറിയിച്ചു.
പ്രായാധിക്യത്താൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കിടപ്പിലായവർ തുടങ്ങിയവർക്ക് ആശ്വാസകരമാകുന്ന പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സാമൂഹിക നീതി വകുപ്പ്, സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ലഭിക്കുന്നതിനുള്ള മസ്റ്ററിംഗ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം, സാമൂഹിക സുരക്ഷ പെൻഷൻ എന്നിവയ്ക്കുള്ള അപേക്ഷ തയ്യാറാക്കൽ, അടിയന്തരാവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചു നൽകൽ തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പാകുക. നിലവിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ലഭിക്കുന്ന സേവനങ്ങൾ വീടുകളിൽ എത്തിച്ചു നൽകും.
സന്നദ്ധ സേനാംഗങ്ങൾ അവരുടെ രജിസ്ട്രേഷൻ പത്തിനകം പൂർത്തിയാക്കി കിലയുടെ സാങ്കേതിക പരിശീലനത്തിൽ പങ്കെടുക്കണം. അക്ഷയയുടെ സഹകരണത്തോടെ ആദ്യഘട്ട പ്രവർത്തനങ്ങൾ നടക്കും. വാർഡുതല കമ്മറ്റികളിൽ കുടുംബശ്രീയുടെ ഒരംഗത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ് തലത്തിൽ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആശാ പ്രവർത്തകർ, ഹെൽത്ത് ഇൻസ്പെക്ടർ, അക്ഷയ കേന്ദ്രം പ്രതിനിധി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ, പാലിയേറ്റീവ് കെയർ കമ്മിറ്റി പ്രതിനിധി, പ്രത്യേക അയൽക്കൂട്ടം പ്രതിനിധി, വയോമിത്രം കോ-ഓർഡിനേറ്റർ, കുടുംബശ്രീ പ്രതിനിധി, സന്നദ്ധ സേവകർ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.
മാവേലിക്കര നഗരസഭയിൽ 51 ഗുണഭോക്താക്കളെയാണ് വാതിൽപ്പടി സേവനത്തിന് അർഹതയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. 60 സന്നദ്ധ സേനാ അംഗങ്ങളെയും സേവനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. സെപ്റ്റംബർ 10ന് പരിശീലനം നൽകും. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ വാർഡ് തല സമിതികൾ രൂപീകരിച്ച് യോഗം ചേർന്നു. ആശാ പ്രവർത്തകർക്കുള്ള യോഗവും നടത്തി. ഇന്ന്(സെപ്റ്റംബർ 9) കിലയുടെ സാങ്കേതിക പരിശീലനം നൽകും. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയാറാക്കി വരുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായി പറഞ്ഞു.
കരുവാറ്റ ഗ്രാമപഞ്ചായത്തിൽ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. 30 സന്നദ്ധസേവകർ ഇതിനകം രജിസ്റ്റർ ചെയ്തു. വാർഡ് തല സമിതിയും രൂപീകരിച്ചു. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തലത്തിലും വാർഡ്തലത്തിലും സമിതികൾ രൂപീകരിച്ചു. 26 സന്നദ്ധപ്രവർത്തകർ സേവനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യോഗത്തിൽ പഞ്ചായത്ത് ഉപഡയറക്ടർ എസ്. ശ്രീകുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.