ചേര്‍ത്തല ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് ഈ മാസം നാടിന് സമര്‍പ്പിക്കും: മന്ത്രി പി. രാജീവ് 

മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ ലഭിച്ച 32 പരാതികള്‍ തീര്‍പ്പാക്കി

ആലപ്പുഴ: ചേര്‍ത്തലയിലെ ഭക്ഷ്യസംസ്‌കരണ പാര്‍ക്കിന്റെ ഉദ്ഘാടനം ഈ മാസം നിര്‍വ്വഹിക്കുമെന്ന് വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി നടത്തിയ ‘മീറ്റ് ദി മിനിസ്റ്റര്‍’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചേര്‍ത്തലയിലെ ഫുഡ് പ്രോസസിംഗ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ലഭിച്ച 42 പരാതികളില്‍ 32 പരാതികള്‍ പൂര്‍ണമായും തീര്‍പ്പാക്കി. കോടതി ഇടപെടലുകള്‍ ആവശ്യമുള്ള പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റി വെച്ചു. ബാക്കിയുള്ളവ സമയബന്ധിതമായി സെപ്റ്റംബര്‍ 30നകം തീര്‍പ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പുതുതായി ലഭിച്ച 62 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

നമ്മുടെ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതു കൊണ്ടോ മറ്റു ജില്ലകളെ അപേക്ഷിച്ച് സംരംഭകര്‍ കുറവായതു കൊണ്ടോ താരതമ്യേന വളരെക്കുറവ് പരാതികളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സവിശേഷതകള്‍ക്ക് അനുസൃതമായി കൂടുതല്‍ മൂലധനം ആകര്‍ഷിക്കാനും സംരംഭങ്ങള്‍ ആരംഭിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ച ക്രിയാത്മകമായ പദ്ധതികള്‍ അതിവേഗത്തില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ഈ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഭൂമിയുടെ ലഭ്യതക്കുറവും കൂടുതലുള്ള ജനസാന്ദ്രതയും ഇതിനൊരു വെല്ലുവിളിയാണ്. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി തുടങ്ങിയവയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നേരത്തേ നടത്തിയ ചര്‍ച്ചയില്‍ ഉത്പാദനം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള മിന്നല്‍ പണിമുടക്കുകള്‍ നടത്താന്‍ പാടില്ലെന്നും നോക്കുകൂലി നിയമവിരുദ്ധമാണെന്നും അതിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പകുതി ജില്ലകളില്‍ ഇതിനകം മീറ്റ ദി മിനിസ്റ്റര്‍ പരിപാടി നടത്തി. കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ഹാളില്‍ നടന്ന പരിപാടിയില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടര്‍, കയര്‍ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ വി.ആര്‍. വിനോദ്, എം. ഷബീര്‍, കെ.എസ്. അജിമോന്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.