മന്ത്രിമാരും എം. എല്‍. എ മാരും വിവിധ കേന്ദ്രങ്ങളില്‍

സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയോട് അനുബന്ധിച്ച പട്ടയ മേളയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 14 ന് രാവിലെ 11.30 ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ കൊട്ടാരക്കര പുലമണ്‍ മാര്‍ത്തോമ ജൂബിലി മന്ദിരത്തില്‍ നിര്‍വഹിക്കും. പുനലൂര്‍ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പട്ടയ വിതരണം നടത്തും.
പത്തനാപുരം താലൂക്ക് ഓഫീസില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. നേതൃത്വം നല്‍കും. കുന്നത്തൂര്‍ ബ്ലോക്ക് ഓഫീസില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയും, കൊല്ലം താലൂക്ക് ഓഫീസില്‍ എം.എല്‍.എ.മാരായ എം. മുകേഷ്, ജി. എസ്. ജയലാല്‍, എം. നൗഷാദ് തുടങ്ങിയവരുമാണ് നേതൃത്വം നല്‍കുക. 58 പട്ടയങ്ങള്‍ ആണ് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി വിതരണം ചെയ്യുന്നത്.
പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കുന്നതോടെ ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാകും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാകും. സംസ്ഥാനതല പരിപാടി തല്‍സമയം കാണുന്നതിന് ജില്ലയിലെ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയെന്ന് എ.ഡി.എം. എന്‍. സാജിതാ ബീഗം അറിയിച്ചു.