സംസ്ഥാന സർക്കാരിന്റെ നവകേരളം പദ്ധതിയുടെ ഭാഗമായ ലൈഫ് ഭവന പദ്ധതിയിലൂടെ കല്ലറ ഗ്രാമപഞ്ചായത്തിലെ  226 പേർക്കു കൂടി വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുന്നു.  വർഷങ്ങളുടെ കാത്തിരിപ്പില്ലാതെ വാസയോഗ്യമായ ഭവനം ലൈഫ് പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണെന്ന്  അഡ്വ. ഡി.കെ. മുരളി എം.എൽ.എ  പറഞ്ഞു.  ലൈഫ് പദ്ധതിയുടെ സാക്ഷ്യപത്ര വിതരണവും കരാർ ഒപ്പിടലും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് ഭവന പദ്ധതിയുടെ ആദ്യഘട്ട പരിശോധന പൂർത്തിയായപ്പോൾ കല്ലറയിൽ 226 പേർ ഗുണഭോക്താക്കളായി. വീടില്ലാത്തവർ, അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിക്കുന്നവർ, 25 സെൻറ് ഭൂമിയിൽ താഴെയുള്ളവർ, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർ, മുൻപ് സർക്കാരിന്റെ ആനുകൂല്യം ലഭിക്കാത്തവർ എന്നിവർക്കാണ് പെർമിറ്റ് നൽകിയത്.
ഓരോ കുടുംബത്തിനും നാലുലക്ഷം രൂപയാണ് ധനസഹായം നൽകുക. 400 ചതുരശ്ര അടിയിൽ താഴെയുള്ള വീട് നിർമിക്കാൻ ആദ്യഗഡുവായി പത്തു ശതമാനം തുക നൽകും.  അടിത്തറ, ലിന്റിൽ എന്നിവ പൂർത്തിയാക്കുന്ന ക്രമത്തിൽ 40 ശതമാനം തുക വീതം നൽകും.  ആറുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമ്പോൾ ബാക്കിയുള്ള പത്തു ശതമാനം തുകയും ഗുണഭോക്താവിന് ലഭിക്കും.  തൊഴിലുറപ്പ് പദ്ധതി പ്രകാരം  90 തൊഴിൽദിനങ്ങൾ വീടിന്റെ നിർമാണത്തിന് ഉപയോഗപ്പെടുത്തും.

കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ജി.എസ്. ബീന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷീല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ഫസീല ബീവി, ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ജെ.ജി. ലിസി, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു