കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും ഒരേ കണ്ണു കൊണ്ട് കാണുന്ന സര്‍ക്കാരല്ല കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മണ്ണില്‍ പണിയെടുക്കുന്നവരുടെ വേദന മനസ്സിലാക്കി അവര്‍ക്ക് ആശ്വാസം പകരാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണിത്. അത്തരമൊരു ഉറച്ചനിലപാടുള്ളത് കൊണ്ടാണ് സാങ്കേതികത്വം പോലും മറികടന്ന് എത്രയും വേഗത്തില്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ജനങ്ങളുടെ കൈകളിലെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ നൂറു ദിന കര്‍മപദ്ധതികളുടെ ഭാഗമായുള്ള പട്ടയ വിതരണ മേളയുടെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുകയെന്നത് നവകേരളത്തിന്റെ മുഖമുദ്രയാണ്. അതിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് പട്ടയ വിതരണ മേള. മണ്ണിനോട് പൊരുതിയും അതിനെ പരിപാലിച്ചും ജീവിക്കുന്ന പതിമൂവായിരത്തിലേറെ പേര്‍ക്ക് അവരുടെ ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭ്യമാക്കുന്ന ചടങ്ങ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും സന്തോഷകരമായ ചടങ്ങാണെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു.
യുനീക്ക് തണ്ടപ്പേര് പദ്ധതി, വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കല്‍, ഭൂമി സംബന്ധമായ സേവനങ്ങള്‍ മൊബൈല്‍ അധിഷ്ഠിതമാക്കല്‍ തുടങ്ങി പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നതിനും തുടക്കം കുറിക്കുന്നതിനും കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് സാധിച്ചു. യുനീക്ക് തണ്ടപ്പേര് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ ആധാര്‍ അധിഷ്ഠിത തണ്ടപ്പേര് നല്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ പോവുകയാണ്. ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റ തണ്ടപ്പേരിലാവും.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ബിനാമി ഇടപാടുകളും തടയുന്നതിന് ഇത് സഹായിക്കും. അധികഭൂമി കണ്ടെത്തി അത് ഭൂരഹിതര്‍ക്ക് നല്‍കാനും ക്ഷേമപദ്ധതികളിലെ അനര്‍ഹരെ കണ്ടെത്താനും ഇതുവഴി സാധിക്കും. ലാന്‍ഡ് ബോര്‍ഡുകളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ അതിവേഗം തീര്‍പ്പാക്കാന്‍ പ്രത്യേക കര്‍മ പദ്ധതി തയ്യാറാക്കും. ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്താന്‍ ലാന്‍ഡ് ബാങ്ക്, മിച്ച ഭൂമിയും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയും കണ്ടെത്തുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.
ഭൂരഹിതരായ ആളുകള്‍ക്ക് ഭൂമി കണ്ടെത്തി നല്‍കുന്നതിനായി ലാന്‍ഡ് ബാങ്ക് രൂപീകരിക്കും. ഇതിനായി നാലു വര്‍ഷം കൊണ്ട് കേരളത്തിലെ മൊത്തം ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ നടത്തും. ഇത് കേരളത്തിന്റെ പദ്ധതിയാണെന്നും അതിനായി ആദ്യ ഗഡുവെന്ന നിലയില്‍ 339 കോടി റീബില്‍ഡ് കേരളയുടെ ഭാഗമായി അനുവദിച്ചുകഴിഞ്ഞു. ഇതുവഴി നല്ലൊരു പങ്ക് ഭൂമി സര്‍ക്കാരിലേക്ക് വന്നുചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
100 ദിന കര്‍മപദ്ധതികളുടെ ഭാഗമായി 12000 പേര്‍ക്ക് രേഖകള്‍ നല്‍കാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നതെങ്കിലും പട്ടയ വിതരണത്തിലെ സാങ്കേതികത്വങ്ങള്‍ ലഘൂകരിക്കാനായതിനാല് ലക്ഷ്യമിട്ടതില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് അത് നല്കാന് സാധിച്ചു. നിമയക്കുരുക്കുകളില് സാങ്കേതികത്വങ്ങളിലും പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട ഒന്നേമുക്കാല്‍ ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പട്ടയങ്ങള്‍ നല്കാന് സാധിച്ചു.
പട്ടയ വിതരണത്തില്‍ കേരളത്തിലെ ഒരു സര്‍വകാല റെക്കോഡായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതോടൊപ്പം മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പുവരുത്തും. ഇതിലൂടെ അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ലൈഫ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരികയാണ്.
1957ല്‍ അധികാരത്തില്‍ വന്ന ഇഎംഎസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃക കാട്ടാന്‍ നമുക്ക് സാധിച്ചു. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അന്തസ്സോടെ നിവര്‍ന്നു നില്ക്കാന് ഭൂമിയുടെ മേല്‍ അവര്‍ക്ക് ലഭിച്ച അവകാശം അവരെ പ്രാപ്തരാക്കി. അവരുടെ ആത്മാഭാമാനം ഉയര്‍ത്താനും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുള്ള അടിത്തറ പാകാനും അതിലൂടെ സാധിച്ചു. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ മനുഷ്യരുടെ സ്വാതന്ത്ര്യവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള അടിസ്ഥാന ഉപാധികളിലൊന്ന് ഭൂമി തന്നെയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനോടൊപ്പം അതിലുണ്ടായിരുന്ന നിയമപരവും സാങ്കേതികവുമായ തടസ്സങ്ങള്‍ നീക്കാനും സര്‍ക്കാരിന് സാധിച്ചു. സാങ്കേതികത്വങ്ങളുടെ പേരില്‍ അര്‍ഹതപ്പെട്ട ഒരാള്‍ക്കു പോലും ഭൂമി നഷ്ടമാവരുതെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഏറ്റവും പ്രധാന ലക്ഷ്യമാണ് സംസ്ഥാന പട്ടയമേളയിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂമന്ത്രി കെ രാജന് പറഞ്ഞു. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായുള്ള സ്പെഷ്യല്‍ ഡ്രൈവിനാണ് തുടക്കമായിരിക്കുന്നത്. പാര്‍പ്പിടത്തോടൊപ്പം ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സാങ്കേതികതയിലും നിയമകുരുക്കിലുംപെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കും നിഷേധിക്കപ്പെടില്ല.
ഇതിനായി ഉദ്യോഗസ്ഥ തലത്തില്‍ പരിശോധനയ്ക്ക് പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും അര്‍ഹരായ എല്ലാവര്ക്കും ഭൂമി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു എന്നിവര്‍ വിശിഷ്ടാതിഥികളായി സംസ്ഥാതല പട്ടയമേളയില്‍ പങ്കെടുത്തു. ചടങ്ങില്‍ റവന്യൂ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ഡോ എ ജയതിലക് സ്വാഗതവും ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ നന്ദിയും പറഞ്ഞു.
എംഎല്‍എ പി ബാലചന്ദ്രന്, കോര്പറേഷന് മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, അസി. കലക്ടര്‍ സൂഫിയാന് അഹമ്മദ്, എഡിഎം റെജി പി ജോസഫ്, ആര്‍ഡിഒ പി എ വിഭൂഷണന്‍, ലാന്റ് റവന്യൂ കമ്മീഷ്ണര്‍ കെ ബിജു, ജനപ്രതിനിധികള്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.