ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ ‘നിര്‍മല ഭവനം- നിര്‍മല നഗരം 2.0 – അഴകോടെ ആലപ്പുുഴ’ പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിക്കുന്ന ശുചിത്വ സര്‍വേയ്ക്കു മുന്നോടിയായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി. മൂന്നു ദിവസങ്ങളിലായി 500ലധികം സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കുന്നത്.

മൊബൈല്‍ ആപ്പ് വഴി നടക്കുന്ന സര്‍വേയില്‍ വീടുകളുടെ ലൊക്കേഷന്‍ ഉള്‍പ്പെടെ രേഖപ്പെടുത്തും. ഖര, ദ്രവ മാലിന്യ സംസ്‌കരണം, കനാല്‍ ശുചീകരണം, ഹരിത കര്‍മ്മസേനാ ശാക്തീകരണം എന്നിങ്ങനെ നാലു ഘട്ടങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോന്നിനും വിവിധ ഉപഘട്ടങ്ങളുമുണ്ട്.

ഓരോ മാസവും നഗരം കൈവരിക്കേണ്ട ശുചിത്വ ശേഷികള്‍ കൃത്യമായി അടയാളപ്പെടുത്തിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമാണ് നടപടികള്‍ പുരോഗമിക്കുന്നത്. നിലവില്‍ നഗരവാസികള്‍ക്ക് വീട്ടില്‍ നിന്നും ശരാശരി ഒരു കിലോമീറ്റര്‍ അകലെയാണ് ഖരമാലിന്യ സംസ്‌കരണ എയ്‌റോബിക് യൂണിറ്റുകളുള്ളത്. ഇത് അര കിലോമീറ്ററായി കുറയ്ക്കുന്നതിന് കൂടുതല്‍ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കും.

ജൈവ മാലിന്യ സംസ്‌കരണത്തിന് ഉറവിട മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളോ എയ്‌റോബിക് യൂസര്‍ കാര്‍ഡോ എല്ലാ വീടുകള്‍ക്കും നിര്‍ബന്ധമാക്കും.
ഇടത്തോടുകളുടെ ശുചീകരണവും നവീകരണവും പൂര്‍ണ്ണമാക്കി നഗര സൗന്ദര്യവത്കരണം നടപ്പാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.