പോഷണ മാസാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 23 ഐ.സി.ഡി.എസ് പരിധിയിലും ഒരു മാസം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. പോഷണ മാസാചരണത്തിന്റെ സമാപന സമ്മേളനം ജില്ലാ കളക്ടർ ജാഫർ മാലിക് ഉത്‌ഘാടനം ചെയ്തു. മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. മാസാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റ് വളപ്പിൽ ഒരുക്കിയ പോഷകാഹാര പച്ചക്കറിതോട്ടത്തിന്റെ ഉത്‌ഘാടനവും കളക്ടർ നിർവഹിച്ചു. പച്ചക്കറികൾ കൊണ്ടുള്ള പോഷക പൂക്കളവും കളക്ടറേറ്റിൽ ഒരുക്കി.
അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷകക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആണ് എല്ലാ വർഷവും സെപ്റ്റംബർ മാസം പോഷണ മാസമായി ആചരിക്കുന്നത്. മാസാചരണത്തിന്റെ ഭാഗമായി വെബിനാറുകൾ, പരിശീലന പരിപാടികൾ, പോഷകാഹാര പച്ചക്കറിത്തോട്ടം, ബഡ്ജറ്റ് മെനു മത്സരം, യോഗ ക്ലാസുകൾ എന്നിവ ജില്ലാ തലത്തിലും ഐസി.ഡി.എസ് തലത്തിലും സംഘടിപ്പിച്ചിരുന്നു.