സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം സംഘടിപ്പിച്ച കർഷക പഠനയാത്രയുടെ ഭാഗമായി പൂതൃക്ക പഞ്ചായത്തിലെ കർഷകർ കോട്ടുവള്ളിയിലെത്തി. കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോസ്റ്റലിലെ കുട്ടികളുടെ കൃഷിയിടവും വാണിയക്കാടിലെ യുവകർഷകനായ സുജിത്ത് തമ്പിയുടെ കൃഷിയിടവും സന്ദർശിച്ചു.

വൃക്ഷായുർവേദ വിധിപ്രകാരമുള്ള വളക്കൂട്ടുകളെയും കീടനാശിനികളെയും സംബന്ധിച്ച് ബോയ്സ് ഹോം ഡയറക്ടർ ഫാദർ സംഗീത് ജോസഫ് നിർമ്മാണ പരിശീലനം നൽകി. ഗുണപജലം, ഹരിത കഷായം, ബീജാമൃതം, ഘന ജീവാമൃതം, നീമാസ്ത്രം, ബ്രഹ്മാസ്ത്രം, അഗ്നി അസ്ത്രം എന്നിവയുടെ നിർമ്മാണ പരിശീലനമാണ് നൽകിയത്. പ്രകൃതി കൃഷി ചെയ്യുമ്പോൾ പാലിക്കേണ്ട അടിസ്ഥാന തത്വങ്ങളായ പുതയിടലും പ്രകൃതി കീടനാശിനികളുടെയും വളക്കൂട്ടുകളുടെയും ഉപയോഗവും കർഷകർ നേരിട്ട് മനസിലാക്കി.

പൂതൃക്ക കൃഷി അസിസ്റ്റൻ്റ് ഡയറക്റ്റർ മിനി എം. പിള്ള, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റൈഹാന, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, പൂതൃക്ക ബ്ലോക്കിലെ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: കർഷക പഠനയാത്രയുടെ ഭാഗമായി കോട്ടുവള്ളിയിലെത്തിയ പൂതൃക്ക പഞ്ചായത്തിലെ കർഷകർ