ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വാതില്‍പ്പടി സേവന പദ്ധതി വിജയകരമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍ദേശിച്ചു. കരുവാറ്റ ഗ്രാമപഞ്ചായത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന 50 പഞ്ചായത്തുകളിലെ നിര്‍വ്വഹണത്തിന്റെ കാര്യക്ഷമത കൂടി പരിഗണിച്ചായിരിക്കും മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുക. ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ രാജ്യത്തിനാകെ മാതൃകയാണ് കേരളം. ക്ഷേമ പെന്‍ഷനുകള്‍ സുതാര്യമായി വീടുകളില്‍ എത്തിച്ചു നല്‍കുന്നത് നിരവധി പേര്‍ക്ക് ആശ്വാസകരമാണ്-മന്ത്രി പറഞ്ഞു.

ചടങ്ങില്‍ രമേശ് ചെന്നിത്തല എം.എല്‍.എ അധ്യക്ഷനായി. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി ഫോണ്‍ ചലഞ്ചിലൂടെ സമാഹരിച്ച സ്മാര്‍ട്ട് ഫോണുകളുടെ വിതരണം അഡ്വ. എ.എം. ആരിഫ് എം.പി നിര്‍വ്വഹിച്ചു. പത്തനാപുരം ഗാന്ധിഭവന്‍ മാനേജിംഗ് ട്രസ്റ്റി പുനലൂര്‍ സോമരാജന്‍ മുഖ്യാതിഥിയായി. സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ രേഖ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു വിതരണം ചെയ്തു.

അശരണർക്ക് സർക്കാർ സേവനങ്ങള്‍ വീട്ടുപടിക്കൽ എത്തിച്ച് നൽകുന്ന വാതിൽപ്പടി സേവന പദ്ധതി ജില്ലയില്‍ കരുവാറ്റയ്ക്കു പുറമെ തിരുവന്‍വണ്ടൂര്‍, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തുകളിലും മാവേലിക്കര നഗരസഭയിലുമാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്.

വയോജനങ്ങള്‍, കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, അഗതികള്‍ തുടങ്ങിയവരില്‍ നിന്നും വാര്‍ഡ് തല നിര്‍വഹണ സമിതികള്‍ കണ്ടെത്തിയതും ഗ്രാമപഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചതുമായ 528 ഗുണഭോക്താക്കള്‍ക്കാണ് തുടക്കത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുക.

ക്ഷേമപെന്‍ഷനുകള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹയാത്തിനും അപേക്ഷ സമര്‍പ്പിക്കല്‍, മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കല്‍ എന്നിങ്ങനെ അഞ്ച് സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്.

ഇതിനു പുറമേ കരുവാറ്റ പഞ്ചായത്തില്‍ സാന്ത്വന പരിചരണ പ്രവത്തനങ്ങളുടെ ഭാഗമായുള്ള സേവനങ്ങള്‍, ഗ്രാമപഞ്ചായത്ത് ഓഫീസ് മുഖേനയുള്ള സേവനങ്ങള്‍, ടെലി മെഡിസിന്‍ സൗകര്യം എന്നിവ കൂടി നല്‍കും.

ആശുപത്രികളില്‍ കൂട്ടിരിപ്പ് സഹായം വേണ്ടവര്‍ക്ക് ലഭ്യമാക്കും. വീടുകളിലെ രോഗീപരിചരണത്തിന് ഹോം നഴ്‌സിംഗ് സംവിധാനവും പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തും. ഇതിന് ആവശ്യമായ പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെയും സംഭാവനകളിലൂടെയും കണ്ടെത്തും. ഇതിനായി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് നവംബര്‍ ഏഴിന് ജനകീയ ഫണ്ട് ശേഖരണം നടത്തും.

ചലച്ചിത്ര താരം ടി.പി. മാധവന്‍, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം. അനസ് അലി, കരുവാറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പൊന്നമ്മ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.