കൊച്ചി കോർപറേഷൻ പരിധിയിലെ തോടുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി പ്രത്യേക ദൗത്യ സേന രൂപീകരിക്കാൻ തീരുമാനം. സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. പോലീസ്, ഇറിഗേഷൻ വകുപ്പ് , മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ വകുപ്പ് , കോർപറേഷൻ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ഫോഴ്സ് രൂപീകരിക്കുകയെന്ന് കളക്ടർ ജാഫർ മാലിക് അറിയിച്ചു.

കളമശ്ശേരി എൻ എ ഡി റോഡിലെ മാലിന്യം കളമശ്ശേരി നഗരസഭയോട് അടിയന്തിരമായി നീക്കം ചെയ്യാനും യോഗം നിർദേശിച്ചു. പ്രദേശത്ത് അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിന് കാമറകൾ സ്ഥാപിക്കാൻ എൻ എഡി അധികൃതർക്ക് നിർദ്ദേശം നൽകാനും യോഗം തീരുമാനമായി.

നെല്ലിക്കുഴി പഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ പാറമടയിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയിൽ സ്ഥലം സന്ദർശിച്ച് പരിശോധന നടത്താൻ കളക്ടർ നിർദ്ദേശിച്ചു. പഞ്ചായത്ത് അധികൃതർ, ക്ലീൻ കേരള കമ്പനി, മലിനീകരണ നിയന്ത്രണ ബോർഡ്, തഹസിൽദാർ എന്നിവർ ചേർന്ന സംയുക്ത പരിശോധനയാണ് നടത്തേണ്ടത്. പരിശോധന നടത്തി അടുത്ത ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കളക്ടർ നിർദ്ദേശം നൽകി. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടന്ന യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ എൻ.ആർ. വൃന്ദാ ദേവിയും പങ്കെടുത്തു.