കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് വിദ്യാഭ്യാസ മേഖലയെ മികവുറ്റതാക്കാന്‍ സംസ്ഥാന സര്‍ക്കാറിനായെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സ്‌കൂള്‍ പഠന നിലവാര സൂചികയില്‍ കേരളത്തിന് ഒന്നാമത്തെത്താന്‍ കഴിഞ്ഞതും സര്‍ക്കാരിന്റെ ഈ ഇടപെടല്‍ കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.തൃത്താല മണ്ഡലത്തിലെ ചാത്തന്നൂര്‍ സ്‌കൂളിന്റെ യു.പി വിഭാഗം ഹൈടെക് ക്ലാസ്സ് റൂം കോംപ്ലക്‌സും സ്‌കൂള്‍ വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അറിവും ആശയവും നല്‍കുന്ന മികച്ച വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പ്രദാനം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഞ്ചുവര്‍ഷത്തിനിടെ തൃത്താല മണ്ഡലത്തില്‍ 48 വിദ്യാലങ്ങള്‍ക്കാണ് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിച്ചത്. തൃത്താലയുടെ പ്രധാന ആവശ്യങ്ങളായ ഐ ടി ഐ, നഴ്സിങ്ങ് കോളേജ് എന്നിവയും യാഥാര്‍ത്ഥ്യമാവുകയാണെന്നും മന്ത്രി പറഞ്ഞു. ഫണ്ടുകള്‍ കാര്യക്ഷമമായും സമയബന്ധിതമായും ചെലവഴിച്ചതിലൂടെ തൃത്താലയില്‍ സമഗ്ര വികസനം സാധ്യമാക്കാനായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്നും 3.9 കോടി രൂപ ചെലവിലാണ് അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മ്മിച്ചത്. മൂന്നുനില കെട്ടിടത്തില്‍ 18 ക്ലാസ് മുറികളാണുള്ളത്.
പരിപാടിയില്‍ തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി വിബിലേഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശര്‍മിള, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം എം രജീഷ, എ ഇ ഒ കെ പ്രസാദ്, പി ടി എ പ്രസിഡന്റ് ടി രത്നകുമാര്‍, എം പി ടി എ നൂര്‍ജഹാന്‍, പ്രിന്‍സിപ്പാള്‍ ജെ കെ അമ്പിളി, ഹെഡ്മിസ്ട്രസ് എം ബിന്ദു, സ്റ്റാഫ് സെക്രട്ടറി മല്ലിക, സ്‌കൂള്‍ ചെയര്‍മാന്‍ മുഹമ്മദ് സിനാന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് എ.ഇ ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കലാ-കായിക മത്സരങ്ങളില്‍ വിജയം നേടിയ വിദ്യാര്‍ഥികളെ മന്ത്രി ആദരിച്ചു.
