കല്‍പ്പറ്റ: റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടിയുടെ (ആര്.ടി.എ) യോഗം ജില്ലാ ആസൂത്രണഭവനില്‍ ചേര്‍ന്നു. യോഗത്തില്‍ ബസ്, ഓട്ടോ എന്നിവയുടെ പെര്‍മിറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണനയ്ക്കു വന്നു. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭകളിലെ ഓട്ടോ പെര്‍മിറ്റ് വിഷയത്തില്‍ പരാതിക്കാര്‍ കോടതി ഉത്തരവുമായാണ് യോഗത്തിനെത്തിയത്. ഇരു നഗരസഭകളും നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നത്തെ തുടര്‍ന്ന് പുതിയ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് എതിരായിരുന്നു. തുടര്‍ന്ന് പരാതിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ചര്‍ച്ചയ്ക്കു വന്ന പരാതികളില്‍ തിരൂമാനം പിന്നീട് അറിയിക്കും. നിര്‍മ്മാണം പൂര്‍ത്തിയായ പുതാടി ഗ്രാമപഞ്ചായത്ത് കേണിച്ചിറ ബസ് സ്റ്റാന്‍ഡ്, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് നിരവില്‍പ്പുഴ ബസ് സ്റ്റാന്‍ഡ് എന്നിവയുടെ പ്രവര്‍ത്തനാനുമതിയുമായി ബന്ധപ്പെട്ട വിഷയവും യോഗം പരിഗണിച്ചു. അതോറിട്ടി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ എ.ആര് അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ആര്. കറുപ്പസാമി, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.എം മുഹമ്മദ് നജീബ്, ആര്.ടി.ഒ വി.സജിത്ത് എന്നിവര്‍ പങ്കെടുത്തു.
