മികച്ച സംരംഭകയ്ക്കുള്ള കുടുംബശ്രീ പി എം യുവ യോജന സംസ്ഥാനതല പുരസ്കാരമായി ലഭിച്ച തുക പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകി ശ്യാമ സുരേഷ്. കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നെന്മണിക്കര സി ഡി എസ് അംഗമായ ശ്യാമയ്ക്ക് തന്റെ ‘ലക്ഷ്മി ജ്യൂട്ട് ബാഗ്’ എന്ന സംരംഭത്തിനാണ് സംസ്ഥാന തല പുരസ്‌ക്കാരമായി 25,000 രൂപ ലഭിച്ചത്. നെന്മണിക്കര ഗ്രാമപഞ്ചായത്ത് തണൽ കോംപ്ലക്സിൽ പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടന വേദിയിലാണ് ശ്യാമ പുരസ്കാരത്തുക പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജുവിന് കൈമാറിയത്. സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് വേണ്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഈ തുക വിനിയോഗിക്കുകയെന്ന് പ്രസിഡന്റ് ടി എസ് ബൈജു പറഞ്ഞു. ക്ലാസ് മുറികളും മറ്റും അണുവിമുക്തമാക്കാനും സ്കൂളിൽ ആവശ്യമായ സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ കരുതുന്നതിനും, സ്കൂൾ പരിസരം ശുചിയായി സൂക്ഷിക്കാനും ഈ തുക ഉപയോഗിക്കും. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി യോജന പുരസ്കാരമാണ് ജൂട്ട് ബാഗ് നിർമിച്ച് ശ്യാമ കരസ്ഥമാക്കിയത്. എംബിഎ ബിരുദധാരിയായ ശ്യാമ പ്രൈവറ്റ് സ്കൂളിലെ അധ്യാപിക കൂടിയാണ്. 2019 ലാണ് ശ്യാമ ജൂട്ട് കൊണ്ട് അതി മനോഹരമായ ബാഗുകൾ നിർമിക്കാൻ തുടങ്ങിയത്. തുണി ഉൾപ്പെടെ ആറ് വ്യത്യസ്ത തരങ്ങളിലുള്ള ബാഗുകളാണ് ശ്യാമ നിർമിക്കുന്നത്.
