അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മല്ലപ്പള്ളി സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സോഷ്യല്‍ വര്‍ക്കിലെ കുട്ടികളുടെ സഹകരണത്തോടെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഫ്‌ളാഷ് മോബ്, പോസ്റ്റര്‍ പ്രകാശനം, പാംലറ്റ് വിതരണം എന്നിവ നടത്തി.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതാ ദാസ് ബാലികാദിന സന്ദേശം നല്‍കി. 2021 ലെ ബാലികാ ദിന തീം ആയ ‘ഡിജിറ്റല്‍ തലമുറ, നമ്മുടെ തലമുറ’ എന്ന വിഷയത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും കുട്ടികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ സാങ്കേതിക വിദ്യകളുടെ പ്രാധാന്യം വര്‍ധിച്ചുവരുന്നതിനെ സംബന്ധിച്ചും നീതാ ദാസ് സംസാരിച്ചു. മല്ലപ്പള്ളി സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് അസി. പ്രൊഫസര്‍ എല്‍.എസ് ഐശ്വരി ആശംസകള്‍ നേര്‍ന്നു.
ജില്ലയിലെ പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന തേപ്പുപാറ ജീവമാതാ ചില്‍ഡ്രന്‍സ് ഹോമില്‍ മാനസിക സമ്മര്‍ദങ്ങളെ എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തെ സംബന്ധിച്ച് ഡോ. ജി ഷീബ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. കേരളത്തിലെ ഇതുവരെയുള്ള പന്ത്രണ്ട് മുഖ്യമന്ത്രിമാരുടെ സ്റ്റെന്‍സില്‍ ചിത്രങ്ങള്‍ നാലു മണിക്കൂറുകള്‍കൊണ്ട് വായില്‍ മാര്‍ക്കര്‍ പേന വച്ചു വരച്ചതിന് ഇന്‍ഡ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയ ജ്യോത്സന എന്ന കുട്ടിയുമായി ജില്ലയിലെ കുട്ടികള്‍ക്ക് സംവദിക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ പരിപാടിയും സംഘടിപ്പിച്ചു.