അടിമാലി, മൂന്നാര്‍ മേഖലകളിലും പരക്കെ മഴ.ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മേഖലയില്‍ ഒരിടത്തു നിന്നും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നു.സമീപമേഖലകളിലെ അണക്കെട്ടുകളായ പൊന്‍മുടി, ചെങ്കുളം, മാട്ടുപ്പെട്ടി അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു.ജാഗ്രതാ നടപടിയുടെ ഭാഗമായി ദേവികുളം ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് താല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തി.മാട്ടുപ്പെട്ടി ബോട്ടിംഗ് സെന്ററില്‍ മഴയെ തുടര്‍ന്ന് ബോട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു.ശനിയാഴ്ച്ച രാവിലെ ബോട്ടിംഗ് നടത്തിയെങ്കിലും മഴ കനത്തതോടെ ബോട്ടിംഗ് നിര്‍ത്തി വയ്ക്കുകയായിരുന്നു.അടിമാലി രാജാക്കാട് റോഡില്‍ വെള്ളത്തൂവലിന് സമീപം വീടിന്റെ മുറ്റമിടിഞ്ഞ് റോഡില്‍ പതിച്ച് യാത്രാ തടസ്സം നേരിട്ടു.പകല്‍ കനത്ത് പെയ്ത മഴക്ക് വൈകുന്നേരത്തോടെ നേരിയ ശമനമുണ്ടായി. മഴ തുടരുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഉള്‍പ്പെടെ ജാഗ്രതപുലര്‍ത്തിപ്പോരുകയാണ്.മഴ തുടരുന്നത് തോട്ടം മേഖലയിലും മലയോര മേഖലയിലും ആശങ്കക്ക് വഴിയൊരുക്കിയിട്ടുണ്ട്.