– വീട് നിർമിക്കുക കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവർത്തകർ
കോട്ടയം: മഴക്കെടുതിയിൽ വീടു നഷ്ടപ്പെട്ട മൂന്നു കുടുംബങ്ങൾക്ക് കുടുംബശ്രീ വീടൊരുക്കും. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ ദുരിതബാധിതമേഖലയായ പഞ്ചായത്തിലെ തന്നെ രണ്ടു കുടുംബങ്ങൾക്കും മണിമല ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ കൂട്ടിക്കൽ പഞ്ചായത്തിലെ ഒരു കുടുംബത്തിനുമാണ് വീട് നിർമിച്ചു നൽകുക.
4100 കുടുംബശ്രീ അംഗങ്ങളിൽ നിന്നും 250 രൂപ വീതം ശേഖരിച്ചാണ് വീടുകൾ നിർമിച്ച് നൽകുകയെന്ന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, സ്ഥിരംസമിതി അധ്യക്ഷരായ വി.എൻ. രാജേഷ്, ശ്യാമള ഗംഗാധരൻ, ബി.ആർ. അൻഷാദ്, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ കെ.എൻ. സരസമ്മ, വൈസ്ചെയർ പേഴ്സൺ ഷീജാ ഗോപിദാസ്, എന്നിവർ പങ്കെടുത്തു.
മണിമല പഞ്ചായത്തിലെ 3000 കുടുംബശ്രീ അംഗങ്ങൾ 250 രൂപ വീതം സംഭാവന നൽകിയാണ് വീട് നിർമിക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി. സൈമൺ പറഞ്ഞു. വെള്ളം കയറിയ വീടുകൾക്കുള്ളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും 150 പേരടങ്ങുന്ന കുടുംബശ്രീ സന്നദ്ധ വോളണ്ടിയർമാരെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.