സ്കൂള്‍ തുറക്കലിന് മുന്നോടിയായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അന്‍പൊട് കൊച്ചി. ഏലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളാണ് അന്‍പൊട് കൊച്ചിയുടെ വോളന്‍റിയര്‍മാര്‍ ശുചീകരിച്ചത്. അന്‍പൊട് കൊച്ചി രൂപീകരണത്തിൽ മുന്‍കയ്യെടുത്ത മുന്‍ കളക്ടറും നിലവില്‍ കെ.എസ്.ഐ.ഡി.സി ഡയറക്ടറുമായ എം.ജി. രാജമാണിക്യം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനം നല്‍കാനെത്തി. മന്ത്രി പി. രാജീവിന്‍റെ സന്ദര്‍ശനവും വോളന്‍റിയര്‍മാര്‍ക്ക് പ്രചോദനമായി. നഗരസഭ ചെയര്‍മാന്‍ എ.ഡി. സുജിലിന്‍റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങള്‍ എന്നിവരും ശുചീകരണത്തില്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഇന്ന് (ഞായര്‍) സ്കൂള്‍ സന്ദര്‍ശിക്കും. ക്ലാസ് മുറികള്‍, ടോയ് ലറ്റുകള്‍, കളിസ്ഥലം എന്നിവയെല്ലാം വൃത്തിയാക്കി കുട്ടികള്‍ക്ക് വീണ്ടെടുത്ത് കൊടുക്കുകയാണ് ലക്ഷ്യമെന്ന് എം.ജി. രാജമാണിക്യം പറഞ്ഞു.
