നിശാഗന്ധി മണ്‍സൂണ്‍ സംഗീതോത്‌സവത്തില്‍ ഉദ്ഘാടന ദിനത്തില്‍ സംഗീതവിരുന്നൊരുക്കിയ കുരുന്നുപ്രതിഭകളെ ഗവര്‍ണര്‍ പി. സദാശിവം അനുമോദിച്ചു. സൂപ്പര്‍ കിഡ്‌സ് ബാന്റിലെ അംഗങ്ങളായ സ്റ്റീവന്‍ സാമുവല്‍, ലിഡിയന്‍ നാദസ്വരം, അമൃതവര്‍ഷിണി എന്നിവരെയാണ് രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ അനുമോദിച്ചത്.
കഴിഞ്ഞദിവസം ചെന്നൈയില്‍നിന്നെത്തിയ കുട്ടികളുടെ ടീം അവതരിപ്പിച്ച സംഗീതവിരുന്ന് ഗവര്‍ണര്‍ ഉദ്ഘാടനചടങ്ങുകള്‍ക്ക് ശേഷം ആസ്വദിച്ചിരുന്നു. പരിപാടി ഇഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് രാജ്ഭവനിലേക്ക് ക്ഷണിച്ച് ഇവര്‍ക്ക് ഉപഹാരം സമ്മാനിച്ചത്. സ്റ്റീവന്‍ ഡ്രംസും വോക്കലും, ലിഡിയന്‍ കീബോര്‍ഡും, അമൃതവര്‍ഷിണി ഫ്‌ളൂട്ടുമാണ് പരിപാടിയില്‍ അവതരിപ്പിച്ചത്. കുട്ടികളുടെ രക്ഷിതാക്കളും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.