എറണാകുളം: എടവനക്കാട് ഗ്രാമപഞ്ചായത്തിൽ നവീകരിച്ച 6 അങ്കണവാടികളുടെ ഉദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. കോവിഡ് കാലത്തിനുശേഷം ആദ്യമായി അങ്കണവാടിയിലേക്ക് എത്തുന്ന കുരുന്നുകൾക്ക് സന്തോഷവും ഉന്മേഷവും പകരും വിധത്തിലാണ് കെട്ടിടങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓരോ അങ്കണവാടിക്കും 1.30 ലക്ഷം രൂപ ചെലവിൽ ആകെ 7.80 ലക്ഷം രൂപയാണ് നവീകരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 5, 6 , 11, 13 വാർഡുകളിൽ ഓരോ അങ്കണവാടികളും പതിനഞ്ചാം വാർഡിൽ രണ്ടും അങ്കണവാടികളാണ് നവീകരിച്ചത്. 20 മുതൽ 25 വരെ കുട്ടികൾക്കുള്ള സൗകര്യങ്ങൾ ഓരോ അങ്കണവാടിയിലും ഒരുക്കിയിട്ടുണ്ട്.

പതിമൂന്നാം വാർഡ് രമ്യ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്‌ദുൾസലാം അധ്യക്ഷത വഹിച്ചു. ശിശു വികസന പദ്ധതി ഓഫീസർ കെ ആർ സുമം പദ്ധതി വിശദീകരണം നടത്തി. ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം ബി ഷൈനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ട്രീസ ക്ളീറ്റസ്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷരായ ആനന്ദവല്ലി ചെല്ലപ്പൻ, പി ബി സാബു, കൊച്ചുത്രേസ്യ നിഷിൻ, അംഗം കെ ജെ ആൽബി, ഐ സി ഡി എസ് സൂപ്പർവൈസർ നിഷ പോൾ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ഇഖ്‌ബാൽ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.