പൊതു സാക്ഷരതാ പഠിതാക്കൾക്കായി സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന മികവുത്സവം” സാക്ഷരതാ പരീക്ഷയുടെ സമാപനോദ്ഘാടനം തിരുനെല്ലി ആലത്തൂർ കോളനിയിൽ ഒ. ആർ കേളു. എം എൽ എ നിർവ്വഹിച്ചു. മികവുത്സവം പൊതു സാക്ഷരതാ പരീക്ഷ സന്തോഷകരമായ രീതിയിലാണ് പഠിതാക്കൾക്ക് അനുഭവപ്പെട്ടതെന്നും തുടർന്ന് പഠിക്കണമെന്നും എം.എൽ. എ പഠിതാക്കളോട് ആവശ്യപ്പെട്ടു.
ചടങ്ങിൽ സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സ്വയ നാസർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രഭാകരൻ , നോഡൽ പ്രേരക് ലീല , നൗഫൽ, ഷീന, ശ്രീജ എം ബി , ഇൻസ്ട്രക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ 48 കേന്ദ്രങ്ങളിലായാണ് സാക്ഷരതാ പരീക്ഷ നടന്നത്. പരീക്ഷാർത്ഥികൾക്ക് സൗകര്യപ്രദമായ ദിവസങ്ങളിൽ പരീക്ഷ എഴുതാനുള്ള ക്രമീകരണങ്ങൾ സാക്ഷരതാ മിഷൻ ഏർപ്പെടുത്തിയിരുന്നു. ജില്ലയിൽ 611 പേരാണ് പൊതു സാക്ഷരതയിൽ പരീക്ഷ എഴുതിയത്. പഠിതാക്കളിൽ 129 പുരുഷന്മാരും 482 സ്ത്രീകളും ആണ്.
പട്ടികജാതി വിഭാഗത്തിൽ നിന്ന് 35 പേരും പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്ന് 369 പേരും പരീക്ഷ എഴുതി. വിവിധ ദിവസങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ പഠിതാക്കൾക്ക് പ്രചോദനം നൽകാനായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിയിരുന്നു.