കോവിഡ് മഹാമാരിക്കെതിരെ മാനവരാശിയുടെ പോരാട്ടത്തിൽ പ്രതിരോധത്തിന്റെ മുഖ്യ ആയുധമായ വാക്‌സിനേഷൻ യജ്ഞത്തിൽ , അമ്പത് ലക്ഷത്തിലധികം ഡോസ് വാക്‌സിൻ നൽകിയ കേരളത്തിലെ ആദ്യ ജില്ല എന്ന സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ് എറണാകുളം. ജില്ലയിൽ 2021 ജനുവരി 16 ന് തുടങ്ങിയ കോവിഡ് വാക്‌സിനേഷൻ , ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് നൽകിയത് . തുടർന്ന്, ഘട്ടം ഘട്ടമായി 18 വയസ്സിനു മുകളിലുള്ള അർഹതപെട്ടതും സമ്മതമുള്ള എല്ലാവർക്കും ഒക്ടോബർ 2 ഓടു കൂടി ഒന്നാം ഡോസ് നൽകി . ആദ്യ ഡോസിൽ 100 ശതമാനം എന്ന നേട്ടം ജില്ല കൈവരിച്ചു.

ജില്ലാ ഭരണകൂടത്തിന്റെയും, ആരോഗ്യവകുപ്പിന്റെയും, എൻ എച്ച് എം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും , തൊഴിൽ, പോലീസ് വകുപ്പുകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം കൈവരിക്കാൻ സാധ്യമായത്. ഇതിനായി 105 സർക്കാർ ആശുപത്രികൾ 80 ഔട്ട് റീച്ച് സെന്ററുകൾ 84 സ്വകാര്യ ആശുപത്രികൾ പ്രവർത്തിച്ചു.

എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേകം വാക്സിനേഷൻ പരിപാടികളും ജില്ലയിൽ സംഘടിപ്പിച്ചു. കടൽ ക്ഷോഭവും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിച്ച ചെല്ലാനം നിവാസികൾക്കായി സംഘടിപ്പിച്ച ‘ചെല്ലാവാക്സ് ‘, ജില്ലയിലെ ആദിവാസി ഊരുകളിൽ താമസിക്കുന്നവർക്കായി ‘ട്രൈബ് വാക്സ്’, അതിഥി തൊഴിലാളികൾക്കായി സംഘടിപ്പിച്ച ‘ഗസ്റ്റ് വാക്സ്’, കിടപ്പ് രോഗികൾക്കും, ഭിന്നശേഷിക്കാർക്കുമായി സംഘടിപ്പിച്ച ‘ഡിസ്പാൽ വാക്സ്’ തുടങ്ങിയ പ്രത്യേകം വാക്സിനേഷൻ ഡ്രൈവുകൾ വഴി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും വാക്സിൻ എത്തിക്കാനായി. ഗർഭിണികൾക്കായി മാതൃകവചം എന്ന പേരിൽ പ്രത്യേക വാക്സിനേഷൻ ഡ്രൈവും സംഘടിപ്പിച്ചു. കൂടാതെ വൃദ്ധ സദനങ്ങളിലെ അന്തേവാസികൾ, ജയിൽ അന്തേവാസികൾ, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും വാക്സിൻ നൽകാനായും പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ ജില്ലയിൽ സംഘടിപ്പിച്ചിരുന്നു .

ജില്ലയിൽ 5006731 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്. ഇതിൽ 2984401 ആദ്യ ഡോസും , 2022330 രണ്ടാം ഡോസ് വാക്സിനുമാണ്. ഇതിൽ 520527 ഡോസ് കോവാക്സിനും 4470644 ഡോസ് കോവിഷിൽഡും 15560 ഡോസ് സ്പുട്നിക് വാക്‌സിനുമാണ് .

രണ്ടാം ഡോസ് വാക്‌സിനേഷനിൽ 74 ശതമാനം പൂർത്തിയാക്കിയ എറണാകുളം, ഡിസംബർ അവസാനത്തോടെ നൂറ് ശതമാനം രണ്ടു ഡോസ് എന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയാണ്.

ഇന്ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5 മണി വരെ ലഭ്യമായ വിവരമനുസരിച്ച് 12337 ഡോസ് വാക്സിനാണ് നൽകിയത്. ഇതിൽ 1335 ഡോസ് ആദ്യ ഡോസ് വാക്സിനും 11002 ഡോസ് രണ്ടാം ഡോസ് വാക്സിനുമാണ്.