സുല്‍ത്താന്‍ ബത്തേരി: കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനയില്‍ മഴക്കാല വിള (ഖാരിഫ്) ഇന്‍ഷുറന്‍സിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. കര്‍ഷക അഭിവൃദ്ധിക്കു കുറഞ്ഞ തവണകളില്‍ പരമാവധി ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തവണ നിരക്കുകളില്‍ കര്‍ഷകര്‍ക്കു മുഴുവന്‍ ഇന്‍ഷുറന്‍സ് തുകയും ലഭ്യമാവും. ഫോണ്‍, റിമോട്ട് സെന്‍സിംഗ്, ഡ്രോണുകള്‍ തുടങ്ങി ലളിതവും ഫലപ്രദവുമായ സാങ്കേതിക വിദ്യകള്‍ വഴി വേഗത്തില്‍ നാശനഷ്ട നിര്‍ണയവും തീര്‍പ്പാക്കലും പദ്ധതിയുടെ പ്രത്യേകതയാണ്. വളരെ കുറഞ്ഞ തവണ നിരക്കുകളില്‍ പരമാവധി കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. വിളവെടുപ്പിനു ശേഷമുള്ള നാശനഷ്ടങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. പ്രാദേശികമായ വിളനഷ്ടങ്ങള്‍ക്കും കാര്യമായ പരിഗണന നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ജില്ലാതല പ്രചാരണോദ്ഘാടനം സുല്‍ത്താന്‍ ബത്തേരി റീജന്‍സി ഓഡിറ്റോറിയത്തില്‍ വികാസ് പീഡിയ സംസ്ഥാന കോ-ഓഡിനേറ്റര്‍ സി.വി ഷിബു നിര്‍വഹിച്ചു. സി.എസ്.സി വി.എല്‍.ഇ ജില്ലാ സൊസൈറ്റി പഠനകേമ്പും ഇതോടനുബന്ധിച്ച് നടന്നു. കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നു ഭാരവാഹികള്‍ പറഞ്ഞു. സോണല്‍ പ്രസിഡന്റ് പി.എസ് അജിത്ത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അമീര്‍ അലി, വിഷ്ണു രവീന്ദ്രന്‍, സി.വി ഷിബു എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി നാസര്‍ തോടന്‍, ജോയിന്റ് സെക്രട്ടറി ബേബി മാത്യു എന്നിവര്‍ സംസാരിച്ചു.
