തൃക്കൂർ പഞ്ചായത്തിലെ മതിക്കുന്ന് എസ് സി കോളനി നിവാസികൾക്ക് സഞ്ചാര യോഗ്യമായ റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച 76 മീറ്റർ റോഡിന്റെ ഉദ്ഘാടനം എം എൽ എ കെ കെ രാമചന്ദ്രൻ നിർവഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പ്രളയത്തിലും അടിക്കടിയുള്ള കനത്ത മഴയിലും റോഡിലെ ടാറിങ് ഇളകി കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായി തീർന്ന എസ് സി കോളനി റോഡ് ഉയർന്ന നിലവാരത്തിൽ കോൺക്രീറ്റ് ചെയ്താണ് പന്ത്രണ്ടോളം വരുന്ന കോളനി കുടുംബങ്ങൾക്കായി തുറന്നു നൽകിയിരിക്കുന്നത്. മറ്റത്തൂർ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു റോഡിന്റെ നിർമ്മാണ ചുമതല. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആന്റണി വട്ടോളി പദ്ധതി വിശദീകരണം നടത്തി.ചടങ്ങിൽ തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹനൻ തൊഴുക്കാട്ട്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല ജോർജ്, ഡിവിഷൻ മെമ്പർ പോൾസൺ തെക്കുംപീടിക, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, കൊടകര ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ പി ആർ അജയഘോഷ് എന്നിവർ സന്നിഹിതരായി.
