രാമവര്‍മപുരത്ത് കെഎസ്എഫ്ഇയുടെ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു

കെഎസ്എഫ്ഇ ശാഖകളുടെ എണ്ണം ആയിരമായി ഉയര്‍ത്തുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. നിലവില്‍ 630 ശാഖകളാണ് കെഎസ്എഫ്ഇക്ക് ഉള്ളത്. കേരളത്തില്‍ മൈക്രോ ബ്രാഞ്ചുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഗ്യാരണ്ടി ഉറപ്പുനല്‍കി വിശ്വാസ്യതയോടെയാണ് കെഎസ്എഫ്ഇ മുന്നേറുന്നത്. കെ എസ് എഫ് ഇയുടെ 650 ാം കോഡുള്ള 630 ാമത്തെ ശാഖ രാമവര്‍മപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി കെ എന്‍ ബാലഗോപാല്‍. പി ബാലചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ജനങ്ങളെ സാമ്പത്തിക ചൂഷണങ്ങളില്‍ നിന്ന് സംരക്ഷിക്കാനാണ് കെഎസ്എഫ്ഇയെന്നും മന്ത്രി പറഞ്ഞു. കോവിഡ് വന്നവര്‍ക്കും കോവിഡ് സാഹചര്യത്തില്‍ ദുരിതത്തിലായ പ്രവാസികള്‍ക്ക് നോര്‍ക്കയുമായി സഹകരിച്ചും വ്യാപാരികള്‍ക്കുമെല്ലാം കുറഞ്ഞ പലിശയിലും ആകര്‍ഷകമായ സ്‌കീമുകളിലും സങ്കീര്‍ണതകള്‍ കുറഞ്ഞ രീതിയില്‍ പണം നല്‍കുന്ന കെഎസ്എഫ്ഇയുടെ പദ്ധതികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.രാമവര്‍മപുരത്തെ ഫോര്‍ച്യുന്‍ സ്‌ക്വയര്‍ കോപ്ലക്‌സിന്റെ ഒന്നാം നിലയിലാണ് ആധുനിക സൗകര്യങ്ങളുള്ള കെഎസ്എഫ്ഇ ശാഖ ആരംഭിച്ചത്. സുരക്ഷിതമായ സമ്പാദ്യ പദ്ധതിയായി ചിട്ടികള്‍ ആരംഭിച്ച കെഎസ്എഫ്ഇ സ്വകാര്യ ചൂഷകരില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുക എന്ന രീതിയില്‍ കൂടി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ചടങ്ങില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ രാധിക അശോകന്‍, കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടര്‍ വി പി സുബ്രഹ്‌മണ്യന്‍, ചെയര്‍മാര്‍ കെ വരദരാജന്‍, ജനപ്രതിനിധികള്‍, തൃശൂര്‍ റീജിയണ്‍ അസി ജനറല്‍ മാനേജര്‍ എ ബി നിശ, വ്യാപാരി വ്യവസായി വില്‍വട്ടം യൂണിറ്റ് പ്രസിഡന്റ് ഷിന്റോ റാഫേല്‍ എന്നിവരും പങ്കെടുത്തു.