ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി ബില്‍ഡിംഗ്‌സ് റൂള്‍സ് വികേന്ദ്രീകൃത പരിശോധന നടപടികള്‍ പ്രകാരം കെട്ടിടങ്ങളിലെ മാലിന്യസംസ്‌കരണ സംവിധാനങ്ങളുടെ പരിശോധന നിരീക്ഷണ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ശുചിത്വമിഷന്‍ സേവനങ്ങള്‍, അനുബന്ധ ശുചിത്വ മാലിന്യ സംസ്‌കരണം, ഖരമാലിന്യ പരിപാലനം- കെട്ടിടങ്ങള്‍ക്ക് അനുയോജ്യമായ സാങ്കേതിക വിദ്യകളും ഉപാധികളും, ദ്രവമാലിന്യ പരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി. എസ്. കറുപ്പേഷ്, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ജി. അഭിജിത്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ ഷാദിയ, ദീപ, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.