ജില്ലയിൽ 15 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനം. ഇതിനായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കണം. റസിഡന്റ്സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കൂടുതൽ കുട്ടികളിലേക്ക് വാക്സിൻ എത്തിക്കണമെന്നും കളക്ടർ ജാഫർ മാലിക് യോഗത്തിൽ നിർദ്ദേശിച്ചു.

ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനായി 56 സെക്ടറൽ മജിസ്ട്രേറ്റു മാരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയതായും കളക്ടർ വ്യക്തമാക്കി. 95 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. കോവിഡ് പോസിറ്റീവായ ഡയാലിസിസ് രോഗികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ആലുവ ജില്ലാ ആശുപത്രിയിൽ പുതിയ ഡയാലിസിസ് മെഷീൻ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. കോവിഡ് പോസിറ്റീവ് ആയവർക്ക് അപകടങ്ങൾ ഉൾപ്പടെയുള്ള അടിയന്തര സാഹചര്യങ്ങൾ വന്നാൽ ചികിത്സിക്കുന്നതിനായി അമ്പലമുകൾ കോവിഡ് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി. ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭിക്കും.

സ്വകാര്യ ആശുപത്രികളിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി കോവിഡ് രോഗികൾക്കായി 10 കിടക്കകൾ മാറ്റിവച്ചതായി ജില്ലാ സർവൈലൻസ് ഓഫീസർ യോഗത്തിൽ അറിയിച്ചു. മേയർ എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത് ജോൺ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.