അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഏതു സാഹചര്യത്തെയും
നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ആശങ്കയ്ക്ക് അടിസ്ഥാനവുമില്ലെന്നും
ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ പറഞ്ഞു. വിവിധ വുകുപ്പുകളുടെ
മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വകുപ്പും നിയമിക്കുന്ന ജീവനക്കാര്‍ കര്‍മ്മമേഖലയില്‍ യഥാസമയം ഉണ്ട്
എന്നുറപ്പാക്കണം. ഡാമില്‍ നിന്നുള്ള വെള്ളം ഒഴുകുന്ന അഞ്ച് പഞ്ചായത്തിലെ
പുഴയോരങ്ങളില്‍ ബാധിക്കപ്പെടാവുന്ന വീടുകള്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു.
ചിലയാളുകള്‍ ഇതിനോടകം താമസം മാറ്റിയിട്ടുണ്ട്. പുഴയിലൂടെ സുഗമമായി
വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിവരുന്നു.
ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ട്രയല്‍ റണ്‍ നടത്തുമ്പോഴും തുറക്കുമ്പോഴും
നടത്തേണ്ട ഗതാഗത നിയന്ത്രണം, പോലീസ് സേനാവിന്യാസം, വിനോദ
സഞ്ചാരികള്‍ക്കുള്ള നിയന്ത്രണം, ആരോഗ്യ സംവിധാനങ്ങള്‍, ഫയര്‍ ആന്‍ഡ്
റസ്‌ക്യു സേവനങ്ങള്‍ എന്നിവ യോഗത്തില്‍ വിലയിരുത്തി. ജില്ലാ പോലീസ്
മേധാവി കെ.ബി വേണുഗോപാല്‍, എ.ഡി.എം പി.ജി രാധാകൃഷ്ണന്‍, ജില്ലാ
മെഡിക്കല്‍ ഓഫീസര്‍, വിവിധ വകുപ്പ് തലവന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.