* കേരള അക്കാദമി ഓഫ് സയൻസസിന്റെ ഫെലോഷിപ്പ് സമർപ്പിച്ചു

ഗവേഷണഫലങ്ങൾ സമൂഹത്തിലേക്ക് പ്രായോഗികതലത്തിൽ എത്താനുള്ള സുഗമമായ സാഹചര്യം വേണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്‌നോളജിയിൽ നടന്ന കേരള അക്കാദമി ഓഫ് സയൻസസിന്റെ ഫെലോഷിപ്പ് സമർപ്പണചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഗവർണർ.
ആരോഗ്യരംഗത്തെയുൾപ്പെടെ ഗവേഷണഫലങ്ങൾ പരീക്ഷണനിരീക്ഷണങ്ങൾക്ക് ശേഷം പ്രയോഗികതലത്തിലെത്തുന്നതിലെ കാലതാമസം പ്രശ്‌നമാണ്. വർക്ക്ബഞ്ചുകളിൽനിന്ന് പുറത്തേക്ക് വരുന്ന ഗവേഷണങ്ങൾ കുറവാണ്. ശാസ്ത്രപുരോഗതിയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധവും കുറവാണ്. ഇതുപരിഹരിക്കാൻ ശാസ്ത്രജ്ഞർ പ്രത്യേക ശ്രദ്ധ നൽകണം.
തങ്ങളുടെ ഗവേഷണവിഷയങ്ങളിലെ പ്രാഗത്ഭ്യത്തിലൂടെ രാജ്യത്തിന്റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് ഫെലോഷിപ്പ് നേടിയ ശാസ്ത്രജ്ഞർ. വിദ്യാർഥികൾ ഇവരെ പാഠമാക്കി ഏതു വിഷയത്തിലായാലും പരിശ്രമത്തിലൂടെ ഉന്നതങ്ങളിൽ എത്താൻ ശ്രമിക്കണം.
മികച്ച ആരോഗ്യ, വിജ്ഞാന സൗകര്യങ്ങളൊരുക്കി മനുഷ്യവികസനത്തിനുതകുന്ന കണ്ടുപിടിത്തങ്ങൾക്കും ശാസ്ത്രത്തിന്റെ പ്രയോഗങ്ങൾക്കും വഴിയൊരുക്കാനാവുന്നവരാണ് ഇത്തരം ഗവേഷകരെന്നത് പ്രത്യാശയുണർത്തുന്നു. രോഗങ്ങളുടെ ഉൻമൂലനത്തിന് സഹായിച്ച ശാസ്ത്രപുരോഗതി വിസ്മരിക്കാനാകില്ല. പുതുതായി വരുന്ന വൻരോഗങ്ങൾ കണ്ടെത്താനാവുകയെന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഡോ. സുരേഷ് ദാസ്, മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് എം. ചന്ദ്രദത്തൻ, രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്‌നോളജി ഡയറക്ടർ ഡോ. എം. രാധാകൃഷ്ണപിള്ള എന്നിവർക്കാണ് ഓണററി ഫെലോഷിപ്പ് ഗവർണർ സമർപ്പിച്ചത്.
ശാ്‌സത്രജ്ഞരായ ഡോ. ആനി എബ്രഹാം, ഡോ. ബിബിൻ ജോൺ, ഡോ.എം. ഹരിദാസ്, ഡോ. പി.വി. മധുസൂദനൻ, ഡോ. ബി. മോഹൻകുമാർ, ഡോ. ആർ.എം. മുത്തയ്യ, ഡോ. എൻ.എസ്. പ്രദീപ്, ഡോ. റൂബി ആന്റോ ജോൺ, ഡോ. എ. സാബു, ഡോ. വി.ബി.സമീർ കുമാർ എന്നിവരും ഫെലോഷിപ്പ് ഏറ്റുവാങ്ങി.
ചടങ്ങിൽ കേരള അക്കാദമി ഓഫ് സയൻസസ് പ്രസിഡൻറ് ഡോ. ജി.എം. നായർ അധ്യക്ഷതവഹിച്ചു.
അക്കാദമി ഓഫ് സയൻസസ് വൈസ് പ്രസിഡൻറ് എം. ഷനീത് സ്വാഗതവും, ജനറൽ സെക്രട്ടറി ഡോ. കെ.ബി. രമേശ്കുമാർ നന്ദിയും പറഞ്ഞു. ‘നിപ രോഗബാധയിൽ നിന്ന് പഠിച്ച പാഠങ്ങൾ’ എന്ന വിഷയത്തിൽ സെമിനാറും ചർച്ചയും ചടങ്ങിന് മുന്നോടിയായി നടന്നു.