ബാക്ക് ടു സ്‌കൂൾ ഇടപെടലിലൂടെ  അനന്തുവും ഹരീഷും വീണ്ടും സ്‌കൂളിലേക്ക്

  • സ്‌കുളിലേയ്ക്കുള്ള സുരക്ഷിത യാത്രയ്ക്ക് ഗോത്രസാരഥിയുടെ സേവനം
  • ഇരുവർക്കും ബാഗ്, ബുക്ക്, വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു

ഉത്തരംകോട് ഗവൺമെന്റ് സ്‌കൂളിൽ പഠിച്ചുകൊണ്ടിരുന്ന അനന്തുവിന് ഏഴാം ക്ലാസ്സിലാണ് പഠനം ഉപേക്ഷിക്കേണ്ടി വന്നത്. കുറ്റിച്ചലിലെ മാങ്കോട് ആദിവാസി സെറ്റിൽമെൻറിൽ താമസിക്കുന്ന അനന്തുവിനെ സാമ്പത്തിക പരാധീനതകളായിരുന്നു പഠനം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാതെ അമ്മൂമ്മയുടെ കൂടെയാണ് അനന്തു കഴിഞ്ഞിരുന്നത്. എട്ടാം ക്ലാസ്സിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന ഹരീഷിന്റെ അവസ്ഥയും ഏതാണ്ട് ഇതുതന്നെ.

എന്നാൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന പഠനം വർഷങ്ങൾക്കു ശേഷം വീണ്ടും തുടരുകയാണ് അനന്തുവും ഹരീഷും. അതും പഠിച്ച അതേ സ്‌കൂളിൽ തന്നെ. കാട്ടാക്കട ട്രൈബൽ ഓഫീസിന് കീഴിലെ ആദിവാസി ഊരുകളിൽ വിവിധ കാരണങ്ങളാൽ പഠനം പൂർത്തീകരിക്കാതെ വിദ്യാഭ്യാസം  മുടങ്ങിയ കുട്ടികളെ സ്‌കൂളിൽ തിരികെ എത്തിക്കുന്ന ബാക്ക് ടു സ്‌കൂൾ എന്ന ഇടപെടലിലൂടെയാണ് ഇരുവരും മുടങ്ങിയ വിദ്യ അഭ്യസിക്കാൻ തിരികെയെത്തിയത്. കാട്ടാക്കട ട്രൈബൽ ഓഫീസർ സുധീറിനറെ മേൽനോട്ടത്തിലാണ് ബാക്ക് ടു സ്‌കൂൾ എന്ന ഇടപെടൽ കാട്ടാക്കടയിലെ ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് നടന്നുവരുന്നത്.

സന്നദ്ധ സാമൂഹിക പ്രവർത്തകർ, സാക്ഷരതാ പ്രേരക്, സാമൂഹിക പഠനമുറി ഫെസിലിറ്റേറ്റർ,  പ്രമോട്ടർമാർ എന്നിവരുടെ നിരന്തരമായ ഇടപെടലിലൂടെയാണ് അനന്തുവിനെയും ഹരീഷിനെയും തിരികെ സ്‌കൂളുകളിൽ എത്തിക്കാനായതെന്ന് കാട്ടാക്കട ട്രൈബൽ ഓഫീസർ സുധീർ പറഞ്ഞു. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന നിരവധി കുട്ടികൾ വനത്തിനുള്ളിലെ വിവിധ ആദിവാസി സെറ്റിൽമെൻറുകളിലുണ്ട്. ഇവരെ കണ്ടെത്തി തിരികെ സ്‌കൂളിലെത്തിക്കനുള്ള പ്രവർത്തനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അനന്തു ഉത്തരാകോട് സർക്കാർ സ്‌കൂളിലും ഹരീഷ് വെള്ളനാട് സർക്കാർ സ്‌കൂളിലുമാണ് പഠനം തുടരുന്നത്. ഇതിൽ ഹരീഷ് മിത്രാനികേതന്റെ ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്. ഇവർക്ക് വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തുടർ പഠനത്തിനായി ബാഗ്, ബുക്ക്, വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു. കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തും സഹായം നൽകുന്നുണ്ട്. തുടർന്നുള്ള പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി സർക്കാർ നൽകിവരുന്ന വിവിധ സ്‌റ്റൈപ്പെൻറുകളും ഇഗ്രാൻറ്‌സ് ഉൾപ്പടെയുള്ള സഹായവും ലഭിക്കും.

സ്‌കൂൾ തുറന്ന് മാസങ്ങൾക്കു ശേഷം തിരികെ സ്‌കുളിൽ എത്തിയതുകൊണ്ടു തന്നെ പാഠപുസ്തകങ്ങളുടെ ലഭ്യത മാത്രമാണ് ഇപ്പോൾ ഇരുവരെയും അലട്ടുന്നത്. താൽക്കാലികമായി മുൻ വർഷത്തെ പാഠപുസ്തകങ്ങൾ ഇവർക്കായി സംഘടിപ്പിച്ച് നൽകിയിട്ടുണ്ട്. ഉൾവനങ്ങളിലെ ആദിവാസി സെറ്റിൽമെൻറുകളിൽ താമസിക്കുന്ന കുട്ടികളെ സ്‌കൂളികളിൽ എത്തിക്കുകയും തിരികെ വീടുകളിൽ എത്തിക്കാനുമുള്ള വാഹന സംവിധാനമായ ഗോത്രസാരഥിയുടെ സേവനവും അനന്തുവിന് ഉറപ്പുവരുത്തിയതായി ട്രൈബൽ ഓഫീസർ അറിയിച്ചു.